നിലമ്പൂരില്‍ കൊല്ലപ്പെട്ടവർക്കൊപ്പമുണ്ടായിരുന്ന മറ്റ് മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു

184

കോഴിക്കോട്: നിലമ്പൂരില്‍ കൊല്ലപ്പെട്ടവർക്കൊപ്പമുണ്ടായിരുന്ന മറ്റ് മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. മാവോയിസ്റ്റുകല്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നവെന്ന സന്ദേശവും പോലീസ് കണ്ടെടുത്തു. വെടിവയ്പില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജിനും അജിതക്കും ഒപ്പമുള്ള മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടുവെന്നായിരുന്നു പോലീസ് ഭാഷ്യം. അംഗരക്ഷകര്‍ രക്ഷപ്പെട്ടതോടെയാണ് രോഗബാധിതരായ കുപ്പുദേവരാജിനേയും അജിതയേയും വെടിവച്ച് കൊന്നത്. ഇരുവര്‍ക്കും ഒപ്പമുണ്ടെന്ന് കരുതുന്നവരുടെ ചിത്രങ്ങളാണ് പോലീസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇവരില്‍ കാര്‍ത്തിക്, സാവിത്രി, കാളിദാസ്, സന്തോഷ് തുടങ്ങി നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തിലുള്ള മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും നാടുകാണി ദളത്തിലുള്ളവരാണ് ഇവരെന്നാണ് പോലീസ് പറയുന്നത്. കുപ്പുദേവരാജനും അജിതയും കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് കണ്ടെടുത്ത പെന്‍ഡ്രൈവില്‍ നിന്നാണ് ചിത്രങ്ങള്‍ പോലീസിന് കിട്ടിയത്. അയല്‍സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മാവോയിസ്റ്റുകള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നുവെന്ന ചില കുറിപ്പുകളും പോലീസിന് കിട്ടിയിട്ടുണ്ട്.പ്രവര്‍ത്തന രീതിയും രഹസ്യവും സൂക്ഷിക്കുന്നതില്‍ ചിലര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് കുറിപ്പിലുള്ളത്.

NO COMMENTS

LEAVE A REPLY