ദേവാലയത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 200 പേര്‍ മരിച്ചു

179

ലാഗോസ്: നൈജീരിയയില്‍ ദേവാലയത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയ ഇരുന്നൂറോളം വിശ്വാസികള്‍ മരിച്ചു. നിരവധിപേര്‍ക്കു പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. തെക്കു കിഴക്കന്‍ നൈജീരിയയിലെ ഉയോ നഗരത്തിലെ ദേവാലയത്തിലാണ് സംഭവം. മരണസംഖ്യ അറുപതിലധികം വരുമെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടെങ്കിലും ഇരുന്നൂറിലധികം പേര്‍ മരിച്ചതായി നൈജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നൈജീരിയയിലെ റെയിനേഴ്സ് ബൈബിള്‍ ചര്‍ച്ചിന്റെ കീഴിലുള്ള ദേവാലയത്തിലാണ് അപകടമുണ്ടായത്. ആക്വ ഇബോം ഗവര്‍ണര്‍ ഉദോം എമ്മാനുവല്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ഈ സമയത്ത് ദേവാലയത്തിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് െചയ്തു. ഗവര്‍ണര്‍ അപകടം കൂടാതെ രക്ഷപ്പെട്ടു. ദേവാലയത്തിന്റെ പണി പൂര്‍ത്തിയായിരുന്നില്ലെന്നാണ് സൂചന. ശനിയാഴ്ച ഒരു ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ ഈ ദേവാലയത്തില്‍ നടക്കേണ്ടിയിരുന്നതിനാല്‍ തൊഴിലാളികള്‍ തിരക്കിട്ട് പണി തീര്‍ക്കുകയായിരുന്നുവത്രെ. ചടങ്ങിനുമുന്‍പ് പണി പൂര്‍ത്തിയാക്കുന്നതിന് സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തിരുന്നോ എന്ന കാര്യം അന്വേഷിക്കുമെന്ന് നൈജീരിയന്‍ സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി കടുത്ത ദുഃഖം പ്രകടിപ്പിച്ചു. കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്നത് നൈജീരിയയില്‍ പതിവുകാഴ്ചയാണ്. കെട്ടിട നിര്‍മാണത്തിന് വിലകുറഞ്ഞ സാധനസാമഗ്രികള്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് ഇതിനു കാരണം. കെട്ടിട നിര്‍മാണ ചട്ടങ്ങളും ഇവിടെ ആരും കണക്കിലെടുക്കാറില്ല.

NO COMMENTS

LEAVE A REPLY