കാണാതായ മലയാളികളെക്കുറിച്ചുള്ള അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പാലക്കാട്ടെത്തി

165

പാലക്കാട്∙ ദുരൂഹസാഹചര്യത്തിൽ കാണാതായ മലയാളികളെക്കുറിച്ചുള്ള അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പാലക്കാട്ടെത്തി. യാക്കര, കഞ്ചിക്കോട് എന്നിവിടങ്ങളിൽനിന്നു രണ്ടു ദമ്പതികളടക്കം അഞ്ചുപേരെ കാണാതായ കേസിലാണ് അന്വേഷണം.

ഡിവൈഎസ്പി രാജശേഖരൻ പിളളയുടെ നേതൃത്വത്തിലുളള എൻ‌ഐഎ സംഘമാണ് അന്വേഷണം നടത്തുന്നത്. യാക്കര സ്വദേശി ബെക്സൻ എന്ന ഇൗസ, ഭാര്യയായ തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി നിമിഷ എന്ന ഫാത്തിമ, ബെക്സന്റെ സഹോദരൻ ബെസ്റ്റിൻ എന്ന യഹിയ, ഭാര്യ എറണാകുളം സ്വദേശി മറിയം ഇവർക്കുപുറമേ കഞ്ചിക്കോട് താമസിച്ചിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ ഷിബി എന്നിവരെയാണ് കാണാതായത്.

നേരത്തെ പൊലീസ് ശേഖരിച്ചിരുന്ന തെളിവുകളും അന്വേഷണ റിപ്പോർ‌ട്ടും എൻഐഎ സംഘം സമഗ്രമായി പരിശോധിച്ചു വരികയാണ്. കൂടാതെ യാക്കര, കഞ്ചിക്കോട് എന്നിവിടങ്ങളിലെ വീടുകളിലെത്തിയും തെളിവുകൾ ശേഖരിക്കുന്നുണ്ട്. അഫ്ഗാൻ നമ്പറിൽനിന്നു വീട്ടുകാർക്കു ലഭിച്ച സന്ദേശവും അന്വേഷണപരിധിയിലുണ്ട്. കഴിഞ്ഞ ജൂലൈ ഒൻപത്, പതിനൊന്ന് തീയതികളിലാണ് മക്കളെയും അവരുടെ ഭാര്യമാരെയും കാണാനില്ലെന്ന പരാതി വീട്ടുകാർ ജില്ലാ പൊലീസ് മേധാവിക്കു നൽകിയത്.