കടകംപ്പള്ളി ഭൂമി ഇടപാട്: സിബിഐയ്ക്കെതിരെ വി എസ്

155

തിരുവനന്തപുരം: കടകംപ്പള്ളി ഭൂമി ഇടപാട് കേസിലെ കുറ്റപത്രം കോടതി തിരിച്ചു നൽകിയത് സിബിഐക്ക് കിട്ടിയ തിരിച്ചടിയാണെന്ന് വി.എസ്.അച്യുതാനന്ദൻ. വർഷങ്ങളായി നീണ്ടുപോകുന്ന ചില കേസുകള്‍ പണത്തിനും രാഷ്ട്രീയ സമ്മർദ്ദങ്ങള്‍ക്കും വഴങ്ങി സിബിഐ അട്ടിമറിക്കുന്നുവെന്നായിരുന്നു വിഎസിന്റെ വിമർശനം. കോടതി നടപടി ചൂണ്ടികാട്ടി വി.എസ് നടത്തിയ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള മറ്റൊരു ഒളിയമ്പായി. ലാവ്‌ലിൻ കേസിലെ സിബിഐയുടെ മെല്ലപ്പോക്കിനെ കുറിച്ചുള്ള പരോക്ഷ സൂചനയാണ് വി എസിന്റെ പ്രസ്താവനയെന്ന് വ്യാഖ്യാനമുണ്ട്.
കടകംപ്പള്ളി കേസിൽ അഞ്ചു പേരെ പ്രതിയാക്കിയാണ് തിരുവനന്തപുരം സിബിഐ കോടതി കുറ്റപത്രം നൽകിയത്. ഡെപ്യൂട്ടി തഹസിൽദാർ വിദ്യോദയകുമാറും മറ്റ് നാല് സ്വകാര്യ വ്യക്തികളുമായിരുന്നു പ്രതികള്‍. 2005ൽ കടകംപ്പള്ളിയിലെ ഭൂമി സ്വന്തമാക്കാനായി വ്യാജ രേകകള്‍ ഉണ്ടാക്കിയതിനാണ് കുറ്റപത്രം നൽകിയത്. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഉള്‍പ്പെടെ 27 പേരെ പ്രതിയാക്കിയാണ് സിബിഐ എഫ്ഐആർ സമർപ്പിച്ചിരുന്നത്.
സലിം രാജ് ഉള്‍പ്പെടെയുള്ള മറ്റു പ്രതികളെ ഒഴിവാക്കിയതിനെ കുറിച്ച് വ്യക്തമാക്കാതെയുള്ള കുറ്റപത്രം അപൂർണമാണെന്ന് കോടതി പറഞ്ഞു. വസ്തു ഉടമകളെ ഭീഷണിപ്പെടുത്തിയതിനും ഗൂഡാലോചന നടത്തിയതിനും മറ്റ് കുറ്റപത്രങ്ങള്‍ സിജെഎം കോടതിയിലാണെന്നും വ്യാജ രേഖയുണ്ടാക്കിയതിനുള്ള ഉദ്യോഗസ്ഥർക്കെതതിരായ കൂടുതൽ കുറ്റപത്രങ്ങള്‍ ഇനിയും സമർപ്പിക്കാനുണ്ടെന്നും സിബിഐ വ്യക്തമാക്കി. എന്നാൽ വസ്തുതകള്‍ പൂർത്തിയാകാത്ത കുറ്റപത്രം മടക്കുകയാണെന്ന് കോടതി പറഞ്ഞു. ഇതിനെത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റപത്രം കോടതിയിൽ നിന്നും തിരികെ വാങ്ങി.

NO COMMENTS

LEAVE A REPLY