സൗദി അറേബ്യയിലെ ജിദ്ദയില്‍ തൊഴില്‍ നഷ്‌ട്ടപ്പെട്ട് 800 ഇന്ത്യക്കാര്‍ കഴിയുന്നുവെന്ന് ഇമ്രാന്‍ ഖോക്കര്‍ എന്നയാളാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഈ ചിത്രത്തിന് മറുപടിയായാണ് 800 അല്ല 10,000ത്തിലധികം പേര്‍ ഭക്ഷണില്ലാതെ കഴിയുന്നുവെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയത്. തൊഴിലില്ലാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷണ വിതരണ ക്യാമ്പില്‍ ക്യൂ നില്‍ക്കുന്ന ഇന്ത്യക്കാരുടെ ചിത്രം സുഷമ പോസ്റ്റ് ചെയ്തു. സൗദിയിലും കുവൈറ്റിലുമാണ് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം തൊഴില്‍ നഷ്ടപ്പെട്ട ഇവര്‍ക്ക് കഴിഞ്ഞയാഴ്ച വരെ കമ്പനി അധികൃതര്‍ ഭക്ഷണം നല്‍കിയെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നു. പുറത്ത് മറ്റ് പണികള്‍ക്ക് പോവാന്‍ കമ്പനി അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇഖാമ കാലാവധി അവസാനിച്ചതിനാല്‍ ഇവര്‍ക്ക് മുറിയില്‍ നിന്ന് പുറത്തിറങ്ങാനാവുന്നില്ല.
ഇതില്‍ സൗദിയിലാണ് സ്ഥിതി ഗുരുതരം. തൊഴിലാളികള്‍ക്ക് വേതനം പോലും നല്‍കാതെ പല ഫാക്ടറികളും അടച്ച് പൂട്ടിയിട്ടിരിക്കുകയാണ്. ജോലി നഷ്‌ടപ്പെട്ടവര്‍ നാട്ടിലേക്ക് തിരിക്കാനാകാതെ ദുരിതയാതന അനുഭവിക്കുകയാണ്. സഹമന്ത്രിമാരായ വി.കെ സിങിനെ സൗദിയിലേക്കും എം.ജെ അക്ബറെ കുവൈറ്റിലേക്കും അയച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. ഒരോ മണിക്കൂറും ഇടവിട്ട് വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുയാണെന്നും അവര്‍ അറിയിച്ചു. ഭക്ഷണമില്ലാതെ കഴിയുന്ന ഇവരെ സഹായിക്കാന്‍ 30 ലക്ഷം വരുന്ന സൗദിയിലെ ഇന്ത്യന്‍ സമൂഹം മുന്‍കൈ എടുക്കണമെന്നും സുഷമ സ്വരാജ് അഭ്യര്‍ത്ഥിച്ചു.
ഇവരെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം ഔര്‍ജ്ജിതമായ ശ്രമങ്ങള്‍ ആരംഭിച്ചു. വിസ കാലാവധി കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് പ്രത്യേക എക്സിറ്റ് പെര്‍മിറ്റ് അനുവദിക്കുന്നതിനായി സൗദി അധികൃതരുമായി ചര്‍ച്ച നടത്തുകയാണ്.