ആംആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി

153

ദില്ലി: ലഫ്റ്റനന്‍റ് ഗവര്‍ണറുടെ അധികാര പരിധി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. ആംആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. ലഫ്റ്റനന്റ് ഗവര്‍ണര്‍ സംസ്ഥാന മന്ത്രിസഭയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ട ആളല്ലെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി.
ലഫ്.ഗവര്‍ണര്‍ തലസ്ഥാന നഗരത്തിന്‍റെ ഭരണത്തലവനാണ്. അദ്ദേഹത്തിന്‍റെ കൂടി അനുമതിയോടെ മാത്രമേ സംസ്ഥാന സര്‍ക്കാരിന് നിയമനങ്ങള്‍ നടത്താന്‍ കഴിയൂവെന്നും കോടതി ചൂണ്ടിക്കാട്ടി. തലസ്ഥാന നഗരത്തിന്‍റെ ഭരണപരമായ വിഷയങ്ങളിലും അധികാരവും സംബന്ധിച്ച് കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിലാണ് കോടതിയുടെ നിര്‍ണായക വിധി.
എന്നാല്‍ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആംആദ്മി അറിയിച്ചു. ലഫ്.ഗവര്‍ണറുമായി ആലോചിക്കാതെ മന്ത്രിസഭയ്ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ ഭരണഘടനയുടെ 239മത്തെ വകുപ്പ് നല്‍കുന്ന അധികാരങ്ങള്‍ നിലനില്‍ക്കും. 1991ലെ 69മത് ഭരണഘടനാ ഭേദഗതി നിയമപ്രകാരം ദില്ലി നഗരം ദേശീയ തലസ്ഥാന നഗരമായി അറിയപ്പെടും.
ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗുമായി നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളിലെ തര്‍ക്കങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച 11 ഓളം ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്.

NO COMMENTS

LEAVE A REPLY