ആദിവാസിയാണെങ്കില്‍ വിദേശത്ത് പഠിക്കേണ്ടെന്ന് സെക്രട്ടേറിയറ്റിലെ ഉദ്ദ്യോഗസ്ഥര്‍

172

കാസര്‍കോട്ടെ ആദിവാസി ഊരില്‍, കഷ്‌ടപ്പാടുകളോട് മല്ലിട്ടാണ് ബിനേഷ് ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയത്. അച്ഛനും അമ്മയും രോഗക്കിടക്കയിലായപ്പോഴും കൂലിപ്പണിയെടുത്താണ് പഠിച്ചത്. ഇതിനിടയിലും 2014ല്‍ ബ്രിട്ടനില്‍ ഉപരി പഠനത്തിന് യോഗ്യത നേടി. പട്ടികവര്‍ഗ വിഭാഗത്തില്‍ സംസ്ഥാനത്ത് ഈ നേട്ടം കൈവരിച്ച ആദ്യ വ്യക്തിയായ ബിനേഷിന്റെ ബുദ്ധിമുട്ട് മനസിലാക്കിയ മുന്‍ സര്‍ക്കാര്‍ 27 ലക്ഷം രൂപ അനുവദിച്ചു. ഇതിനായി പ്രത്യേക സര്‍ക്കാര്‍ ഉത്തരവും ഇറങ്ങി. പക്ഷേ ഫയല്‍ അനങ്ങിയില്ല. പണം കിട്ടിയതുമില്ല. വിദേശത്ത് ഉപരിപഠനത്തിന് അവസരവും നഷ്‌ടമായി.
മനസ്സുമടുത്തെങ്കിലും പിന്നെയും പരിശ്രമം തുടര്‍ന്നു. രണ്ടാം തവണ പ്രശസ്തമായ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്‌സിലാണ് പ്രവേശനത്തിന് യോഗ്യത നേടിയത്. രാജ്യത്തു നിന്ന് അവസരം കിട്ടിയ 20 പേരില്‍ ഒരാള്‍. കേന്ദ്രസര്‍ക്കാര്‍ സ്കോളര്‍ഷിപ്പും അനുവദിച്ചു. പക്ഷേ വിസയടക്കം പ്രാഥമിക ചെലവുകള്‍ ബിനേഷ് തന്നെ വഹിക്കണം. മിടുക്കനായ വിദ്യാര്‍ത്ഥിക്ക് ആവശ്യമായ പണം നല്‍കാന്‍ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉത്തരവിട്ടു. പക്ഷേ എന്നിട്ടും ഉദ്യോഗസ്ഥര്‍ കനിഞ്ഞില്ല. ഫയല്‍ ഇനിയും സെക്രട്ടേറിയറ്റില്‍ അനങ്ങിയിട്ടില്ല. ബിനേഷിന് വേണ്ടത് ഒന്നരലക്ഷം രൂപയാണ്. സെപ്റ്റംബറിന് മുമ്പ് പണം ശരിയായില്ലെങ്കില്‍ ഇക്കുറിയും അവസരം നഷ്‌ടപ്പെടുമെന്ന ആശങ്കയിലാണ് ബിനേഷ്.

courtesy : asianet news

NO COMMENTS

LEAVE A REPLY