മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് സൗദി എക്‌സിറ്റ് വിസ നല്‍കുമെന്ന് എം.ജെ അക്ബര്‍

251

സൗദി അറേബ്യയില്‍ തൊഴില്‍ നഷ്‌ടപ്പെട്ടത് കാരണം ദുരിതം അനുഭവിക്കുന്ന ഇന്ത്യക്കാരില്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌സിറ്റ് വിസ നല്കാമെന്ന് സൗദി അറേബ്യ തത്വത്തില്‍ സമ്മതിച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ പറഞ്ഞു. പതിനായിരത്തിലധികം ഇന്ത്യക്കാര്‍ തൊഴില്‍ നഷ്‌ടപ്പെട്ട് കുടുങ്ങിയെന്ന് വിദേശകാര്യ സഹമന്ത്രി സമ്മതിച്ചു.
സൗദി അറേബ്യയില്‍ പ്രമുഖ കമ്പനിയായ ഒജര്‍ പ്രതിസന്ധിയിലായതോടെ തൊഴില്‍ നഷ്‌ടപ്പെട്ട ഇന്ത്യക്കാര്‍ ഭക്ഷണം ഇല്ലാതെ വലയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിരുന്നു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ സഹമന്ത്രിമാരായ എം.ജെ അക്ബര്‍, ജനറല്‍ വി.കെ സിങ് എന്നിവര്‍ ഇക്കാര്യം നിരീക്ഷിക്കുകയാണ്. എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കാന്‍ ഇന്ത്യന്‍ സമൂഹത്തിന്റെയും സൗദി അധികൃതരുടെയും സഹായത്തോടെ സാധിച്ചു എന്ന് എം.ജെ അക്ബര്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. ദില്ലിയില്‍ നിരീക്ഷണത്തിന് സംവിധാനം ഉണ്ടാക്കി. ഇന്ത്യയിലെ സൗദി അംബാസഡറുമായും സൗദിയിലെ ഇന്ത്യന്‍ അംബാസഡറുമായും കേന്ദ്ര നിരന്തരം ബന്ധപ്പെടുന്നുണ്ട്. മടങ്ങാന്‍ ആഗ്രിഹിക്കുന്നവര്‍ക്ക് അതിന് സൗകര്യം ഒരുക്കും.
പതിനനായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്‌ടമായി എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിഗമനം. സൗദി അറേബ്യയിലും കുവൈറ്റിലും ഇത്തരത്തില്‍ പ്രതിസന്ധിയിലായ കൂടുതല്‍ കമ്പനികളുണ്ട് എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ആശങ്ക കൂട്ടുന്നുണ്ട്. ശമ്പളകുടിശ്ശിക കിട്ടാനുള്ളവര്‍ നിരവധിയുണ്ട്. സ്ഥിതി നേരിട്ടു നിരീക്ഷിക്കാനും സൗദി ഭരണകൂടവുമായി ചര്‍ച്ച നടത്താനും സഹമന്ത്രി ജനറല്‍ വികെ സിംഗ് ഈയാഴ്ച ജിദ്ദയിലേക്ക് പോകും.

NO COMMENTS

LEAVE A REPLY