ദില്ലി: പാകിസ്ഥാനിൽ പോയത് ഊണു കഴിക്കാനല്ലെന്നും ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സാർക്ക് യോഗത്തെ അറിയിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിംഗ് വ്യക്തമാക്കി. തനിക്കെതിരെ തെരുവിൽ പ്രതിഷേധം ഉണ്ടായെന്ന് വെളിപ്പെടുത്തിയ രാജ്നാഥ് സിംഗ് ഇന്ത്യൻ മാധ്യമങ്ങളെ സാർക്ക് യോഗം ചിത്രീകരിക്കാൻ അനുവദിച്ചില്ലെന്ന് പാർലമെന്റിനെ അറിയിച്ചു. രാജ്നാഥിന്റെ നിലപാടിനെ പാർലമെന്റ് ഒറ്റക്കെട്ടായി പിന്തുണച്ചു
ഭീകരരെ മഹത്വവത്ക്കരിക്കരുതെന്നും ഒരു രാജ്യത്തെ തീവ്രവാദിയെ മറ്റൊരു രാജ്യത്തിന്റെ ഹീറോ ആക്കരുതെന്നും സാർക്ക് യോഗത്തിൽ ആവശ്യപ്പെട്ടുവെന്ന് രാജ്നാഥ് വ്യക്തമാക്കി. കുറ്റവാളികൾക്കെതിരെയുള്ള സാർക്ക് ഉടമ്പടി അംഗീകരിക്കാൻ പാകിസ്ഥാൻ തയ്യാറാകണം. എല്ലാവരെയും ഉച്ചയൂണിന് ക്ഷണിച്ച ശേഷം പാകിസ്ഥാന്റെ മന്ത്രി വാഹനത്തിൽ കയറി പോയെന്നും രാജ്യത്തിന്റെ അഭിമാനം കൂടി മനസ്സിൽ വച്ച് താൻ മടങ്ങുകയായിരുന്നെന്നും രാജ്നാഥ് സിംഗ് വെളിപ്പെടുത്തി.
ഇന്ത്യൻ മാധ്യമങ്ങളെ യോഗത്തിൽ കയറ്റിയില്ലെന്ന് സ്ഥിരീകരിച്ച രാജ്നാഥ് തനിക്കെതിരെ തെരുവിൽ പ്രതിഷേധം ഉണ്ടായെന്ന് പാർലമെന്റിനെ അറിയിച്ചു. രാജ്യസഭ ഒന്നടങ്കം ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാടിനൊപ്പം നിന്നു. ആദ്യം പത്താൻകോട്ട് ആക്രമണവും പിന്നീട് ബുർഹൻ വാണിയുടെ വധവും ഇന്ത്യാ പാകിസ്ഥാൻ ബന്ധത്തിലുണ്ടാക്കിയ വിള്ളൽ ഇന്നലത്തെ നാടകീയ സംഭവങ്ങളോടെ കൂടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നവാസ് ഷെരീഫും വിവാഹ നയതന്ത്രത്തിലൂടെ സ്ഥാപിച്ച ബന്ധം തല്ക്കാലം തകർന്നു എന്നാണ് പാകിസ്ഥാന്റെ ബിരിയാണി നിരസിച്ചതിലൂടെ രാജ്നാഥ്സിംഗ് നല്കുന്ന സന്ദേശം.