ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തിന് വിശദീകരണവുമായി ബാലകൃഷ്ണപിള്ള

197

വിവാദമായ ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തിന് വിശദീകരണവുമായി കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള രംഗത്ത്. പ്രസംഗത്തില്‍ ചിലത് മാത്രമാണ് താന്‍ പറഞ്ഞത്. മറ്റ് ചിലത് താന്‍ പറഞ്ഞിട്ടില്ല. മാത്രവുമല്ല പലതും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ്. പലതും ഒഴിവാക്കിയും കൂട്ടിച്ചേര്‍ത്തുമാണ് പ്രസംഗം പുറത്തുവിട്ടത്. ഒരു മണിക്കൂര്‍ 25 മിനിറ്റ് നേരം ഇരുന്നും നിന്നും താന്‍ പ്രസംഗിച്ചു.
അതൊരു സമുദായ യോഗമായിരുന്നു. ഇതര സമുദായങ്ങളിലും അത്തരം യോഗങ്ങള്‍ ആരും റിപ്പോര്‍ട്ട് ചെയ്യാറില്ല. എന്‍എസ്എസ് കരയോഗം രണ്ടായി പിരിയാന്‍ തീരുമാനിച്ച സമയത്ത് അവര്‍ ക്രൈസ്തവരെയും മുസ്ലിംകളെയും കണ്ട് പഠിക്കണമെന്നാണ് പറഞ്ഞത്. അത് എന്‍എസ്എസിന്റെ തീരുമാനമാണ്. പുറത്ത് പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ സമുദായ യോഗത്തില്‍ പറയും. പക്ഷേ ഇവിടെ താന്‍ പറയാത്ത പലരും പത്രത്തില്‍ അടിച്ചുവന്നു. ഒരു മണിക്കൂര്‍ 25 മിനിറ്റ് പ്രസംഗം 35 മിനിറ്റ് മാത്രമേയുള്ളൂ ഇപ്പോള്‍. വാലും തുമ്പുമില്ലാതെയുമാണ് അത് പുറത്തുവന്നത്. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. ആരാണ് ഇത് ചെയ്തതെന്ന് തനിക്കറിയാം. പക്ഷേ താന്‍ തെറ്റൊന്നും പറഞ്ഞിട്ടില്ലാത്തത് കൊണ്ട് അതില്‍ പരാതിയില്ല. എല്ലാ വര്‍ഷം അഞ്ച് പള്ളികളിലും ക്രൈസ്തവ ദേവാലയങ്ങളിലും പോയി താന്‍ പ്രാര്‍ത്ഥിക്കാറുണ്ട്.
താന്‍ ന്യൂനപക്ഷ വിരുദ്ധനല്ലെന്ന് മാത്രമല്ല. പലപ്പോഴും അവര്‍ക്കൊപ്പം നില്‍ക്കുന്നയാളാണ്. അഞ്ച് നേരം നിസ്കരിക്കുന്ന മുസ്ലിമും ആഴ്ചയിലൊരിക്കല്‍ പള്ളിയില്‍ പോകുന്ന ക്രിസ്ത്യാനിയും ഉള്ളപ്പോള്‍ ആണ്ടിലൊരിക്കല്‍ പോലും പലരും അമ്പലത്തില്‍ പോവാറില്ലെന്ന് താന്‍ പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന കാര്യം ആചാര്യന്മാരും തന്ത്രിമാരുമാണ് തീരുമാനിക്കേണ്ടതെന്ന് താന്‍ പറഞ്ഞ കാര്യം ശരിയാണ്. അത് കോടതി തീരുമാനിച്ചാല്‍ നാളെ മുസ്ലിം സ്ത്രീകളും പള്ളിയില്‍ പ്രവേശിക്കണമെന്ന് പറഞ്ഞ് കോടതിയില്‍ പോയാല്‍ അവിടെയും മൗലികാവകാശത്തിന്റെ പ്രശ്നം വരും. അത് നടക്കുന്ന കാര്യമല്ല. ഇത് താന്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്. അതില്‍ കോടതി ഇടപെടുന്നത് ശരിയല്ല. കഴിയുന്നത്ര വിവാഹങ്ങള്‍ വീട്ടുകാര്യങ്ങള്‍ പറയുന്ന പോരെ പാരമ്പര്യം അനുസരിച്ച് തന്നെയാകുന്നത് നല്ലതാണെന്ന് താന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് പാര്‍ട്ടി ഓഫീസില്‍ താമസിക്കുമ്പോള്‍ പട്ടികളുടെ കുരയും പട്ടി കടിയും ഒക്കെ കാണാറുണ്ട്. വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതിന് കോടതികള്‍ പരിഹാരം കാണണമെന്നാണ് താന്‍ പറഞ്ഞത്. ഇതും ബാങ്ക് വിളിയോട് കൂട്ടിച്ചേര്‍ത്തു. തന്റെ പണം മുടക്കി ഒരാളെ ഹജ്ജിന് അയച്ചയാളാണ്. തനിക്ക് മക്കയില്‍ പോവാന്‍ കഴിയാതത്തത് കൊണ്ടാണ് തനിക്ക് പകരം മറ്റൊരാളെ അയച്ചത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വാക്കു കൊണ്ടോ പ്രവര്‍ത്തികൊണ്ടോ താന്‍ എതിര്‍ത്തിട്ടില്ല, ഇനി എതിര്‍ക്കുകയുമില്ല. വേറെ എന്ത് പറഞ്ഞാലും താന്‍ ന്യൂനപക്ഷ വിരുദ്ധനാണെന്ന് പറയരുത്. മുസ്ലിംകള്‍ക്ക് വേണ്ടി അവരുടെ ഏത് ആവശ്യത്തിനും ഒരു വക്താവായി പ്രവര്‍ത്തിച്ചയാളാണ്.
പ്രസംഗം പോണില്‍ റെക്കോര്‍ഡ് ചെയ്തയാളെയും എഡിറ്റ് ചെയ്തയാളെയും തനിക്ക് അറിയാമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. വ്യക്തിപരമായി ചോദിച്ചാല്‍ അളുകളെ താന്‍ വെളിപ്പെടുത്താം.

NO COMMENTS

LEAVE A REPLY