മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയ സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കി

188

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് സ്വര്‍ണ്ണമെന്ന വ്യാജേന മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ കൈക്കലാക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രാമപുരം ഐശ്വര്യ പ്രദായിനി സഹകരണ ബാങ്കില്‍ നിന്ന് മുതുകുളത്തെ ബിജി അനില്‍ എന്ന സ്‌ത്രീയാണ് 97 അംഗങ്ങളുടെ പേരില്‍ പണം തട്ടിയത്. രണ്ട് വര്‍ഷത്തിനിടെ 275 പവന്‍ വ്യാജ സ്വണ്ണമാണ് ഇവര്‍ പണയം വച്ചത്.
സഹകരണവകുപ്പ് രജിസ്ട്രാറുടെ നിര്‍ദ്ദേശ പ്രകാരം രാമപുരം വടക്ക് ഐശ്വര്യ പ്രദായിനി സഹകരണ ബാങ്കില്‍ നടന്ന പരിശോധനയിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. മുതുകുളത്തെ ബിജി അനില്‍ എന്ന സ്‌ത്രീയാണ് വലിയ തോതില്‍ മുക്കുപണ്ടം സ്വര്‍ണ്ണപണയത്തിന്റെ മറവില്‍ നിക്ഷേപിച്ചത്. 2014 ഡിസംബര്‍ മുതല്‍ ഇക്കഴിഞ്ഞ മെയ് 30 വരെ ബിജി അനില്‍ മുക്കുപണ്ടം പണയം വെച്ചുകൊണ്ടേ ഇരുന്നു. ആകെ 118 വായ്പകളാണ് ഈ സ്‌ത്രീ സ്വര്‍ണ്ണപ്പണയത്തിന്‍മേല്‍ എടുത്തിരുന്നത്. ഇതില്‍ രണ്ട് വായ്പകള്‍ മാത്രമാണ് സ്വന്തം പേരില്‍ എടുത്തത്. ബാക്കിയെല്ലാം മറ്റുള്ളവരുടെ പേരില്‍. ആകെ പണയം വച്ചതില്‍ 500 ഗ്രാം മാത്രമായിരുന്നു സ്വര്‍ണ്ണം. ബാക്കി 2220 ഗ്രാമും മുക്കുപണ്ടമായിരുന്നു.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ടും ജില്ലയിലെ തന്നെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാവുമായ ഹരിദാസാണ് ബാങ്കിന്റെ പ്രസിഡണ്ട്. ബാങ്കിന്റെ ഭരണസമിതിയും സെക്രട്ടറിയും അറിയാതെ ഇങ്ങനെ ഒരു തട്ടിപ്പ് നടത്താന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് പോലീസുളളത്. കേസില്‍ ബാങ്ക് സെക്രട്ടറിയും ബിജി അനിലും ഒളിവിലാണ്. ബാങ്ക് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും അറസ്റ്റ് ചെയ്യാതിരിക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങിയിരിക്കുകയാണിപ്പോള്‍.സഹകരണ വകുപ്പിന്റെ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY