ഐസ്ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

181

ഐസ്ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോടതി മുറിയില്‍ നിന്ന് പിടിച്ചുവലിച്ച് നീക്കിയ മാധ്യമ പ്രവര്‍ത്തകരെ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ് അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് സ്റ്റേഷനില്‍ നിന്ന് മാധ്യമ പ്രവര്‍ത്തരെ ഫോണ്‍ ചെയ്യാന്‍ പോലും അനുവദിക്കാതെ ഫോണ്‍ പിടിച്ചുവാങ്ങുകയും കോളറില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാമറാമാനും പൊലീസ് കസ്റ്റഡിയിലാണ്. തത്സമയദൃശ്യങ്ങള്‍ നല്‍കാനുപയോഗിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ഡി.എസ്.എന്‍.ജി വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ കേസ് പരിഗണിക്കവെ മാധ്യമ പ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ എത്തിയിരുന്നു. എന്നാല്‍ ആരും കോടതിക്ക് അകത്ത് പ്രവേശിച്ചിരുന്നില്ല. അഭിഭാഷകര്‍ അടക്കം ആരും മാധ്യമ പ്രവര്‍ത്തരെ തടയുകയോ പ്രതിഷേധവുമായി രംഗത്തെത്തുകയോ ചെയ്തിരുന്നില്ല. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം യാതൊരു പ്രകേപനവുമില്ലാതെ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ മറ്റുള്ളവരെ പൊലീസ് അനുവദിച്ചില്ല. മറ്റാരും സ്റ്റേഷന് അകത്ത് പ്രവേശിക്കാതിരിക്കാന്‍ സ്റ്റേഷന് പുറത്തുള്ള വാതിലും പൊലീസ് പൂട്ടിയിട്ടു.
കോടതിയുടെ അകത്ത് മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടയണമെന്ന് ജില്ലാ ജ‍ഡ്‍ജിയുടെ ഉത്തരവുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇത്തരമൊരു ഉത്തരവുണ്ടെന്ന് പൊലീസോ കോടതിയോ ആരെയും അറിയിച്ചിരുന്നില്ല. എന്നാല്‍ കോടതിയുടെ അകത്ത് പ്രവേശിക്കാതെ പുറത്ത് നിന്ന മാധ്യമ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് പ്രവേശനമുള്ള തുറന്ന കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ മാത്രം തടയുന്നത് നിയമവിരുദ്ധമാണെന്ന് നിയമ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY