ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ ത്വരിത അന്വേഷണത്തിന് ഉത്തരവ്

191

ഹോപ് പ്ലാന്റേഷന് ഭൂമി പതിച്ചുകൊടുക്കാന്‍ തീരുമാനിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചുളള കേസില്‍ ഉമ്മന്‍ചാണ്ടിയും അടൂര്‍ പ്രകാശുമുള്‍പ്പെടെളളവര്‍ക്കെതിരേ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പീരുമേട്ടില്‍ എഴുനൂറ്റമ്പതേക്കര്‍ ഭൂമി പതിച്ചു നല്‍കാന്‍ വിവാദമന്ത്രിസഭാ യോഗമെടുത്ത തീരുമാനത്തില്‍ 350 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയിലാണ് അന്വേഷണത്തിന് കോടതി ഉത്തരവുണ്ടായിരിക്കുന്നത്.
ഉമ്മന്‍ചാണ്ടി, അടൂര്‍ പ്രകാശ്, എന്നിവര്‍ക്കു പുറമേ മുന്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഹോപ് പ്ലാന്റേഷന്‍ എം.ഡി. പവന്‍ പോടാര്‍ എന്നീ ആറു പേര്‍ക്കെതിരെ ത്വരിതാന്വേഷണം നടത്താനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഇടുക്കി പീരുമേട്ടില്‍ ഹോപ് പ്ലാന്റേഷന് 750 ഏക്കറോളം മിച്ച ഭൂമി പതിച്ച് കൊടുക്കാന്‍ ഫെബ്രുവരിയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനെടുത്തിരുന്നു. ഇതില്‍ 350 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നുളള കൊച്ചി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് ഉത്തരവുണ്ടായത്.
തിടുക്കപ്പെട്ടുളള തീരുമാനമെന്തിനായിരുന്നെന്നും, നിയമ വകുപ്പുമായ് ആലോചിച്ചാണോ തീരുമാനമെടുത്തതെന്നും തീരുമാനത്തിന് പിന്നില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനുമാണ് എറണാകുളം വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവം വിവാദമായതോടെ മുന്‍ സര്‍ക്കാര്‍ തന്നെ തീരുമാനം റദ്ദാക്കിയിരുന്നു. എന്നാല്‍ മെത്രാന്‍ കായല്‍, കടമക്കുടി എന്നിവ പോലെ ഹോപ് പ്ലാന്റേഷന്‍ കാര്യത്തിലും കോടതി നടപടികള്‍ തുടരുകയാണ്.

NO COMMENTS

LEAVE A REPLY