ചെന്നെ താംബരത്ത് നിന്ന് ആന്‍ഡമാനിലേക്ക് പോകുന്നതിനിടെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ വ്യോമസേനാ വിമാനത്തില്‍ അപകട സമയത്ത് വിമാനം കണ്ടെത്താന്‍ സഹായിക്കുന്ന അടിയന്തിര രക്ഷാ സംവിധാനം ഘടിപ്പിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍.
യാത്രക്കിടെ വിമാനം തകര്‍ന്ന് കടലിലോ മറ്റോ പതിച്ചാല്‍ ഒരു മാസത്തോളം അപകട സൂചക സിഗ്നലുകള്‍ നല്‍കുന്ന അണ്ടര്‍വാട്ടര്‍ ലൊക്കേറ്റര്‍ ബീക്കണ്‍ (യുഎല്‍ബി) ഘടിപ്പിച്ചിട്ടില്ലെന്നാണ് സൈന്യം വെളിപ്പെടുത്തിയിരിക്കുന്നത്. സിഗ്നലുകള്‍ പിന്തുടര്‍ന്ന് വിമാനം കണ്ടെത്താനുള്ള പ്രതീക്ഷ അവസാനിച്ചതോടെ തെരച്ചില്‍ കൂടുതല്‍ ദുഷ്കരമായിരിക്കുകയാണ്.
വിമാനത്തിന്റെ കോക്പിറ്റില്‍ ഫ്ലൈറ്റ് ഡേറ്റാ റെക്കോര്‍ഡറിനൊപ്പമാണ് സാധാരണ അണ്ടര്‍വാട്ടര്‍ ലൊക്കേറ്റര്‍ ബീക്കണുകള്‍ ഘടിപ്പിക്കാറുള്ളത്. വിമാനം വെള്ളത്തില്‍ പതിച്ചാല്‍ താഴ്ന്ന ഫ്രീക്വന്‍സിയിലുള്ള തരംഗങ്ങള്‍ പുറപ്പെടുവിക്കാന്‍ ഇതിനി കഴിയും. വെള്ളത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന ഈ തരംഗങ്ങള്‍ അന്തര്‍വാഹിനികള്‍ക്കോ കപ്പലുകള്‍ക്കോ തിരിച്ചറിയാനാകും. യുഎല്‍ബിയില്‍ ഘടിപ്പിച്ചിട്ടുള്ള ബാറ്ററി ഉപയോഗിച്ച് ഒരു മാസത്തോളം ഇത് പ്രവര്‍ത്തിക്കും. യാത്രാ വിമാനങ്ങളിലടക്കം ഉപയോഗിക്കന്ന ഈ സംവിധാനം പക്ഷേ സൈനിക വിമാനത്തില്‍ ഘടിപ്പിച്ചിരുന്നില്ലെന്നാണ് വ്യക്താമാവുന്നത്. യുഎല്‍ബി ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ വിമാനം കണ്ടെത്താന്‍ മറ്റ് മാര്‍ഗങ്ങളാണ് ഇപ്പോള്‍ അവലംബിക്കുന്നത്. കടലില്‍ എവിടെയെങ്കിലും വിമാന ഇന്ധനത്തിന്റെ സാന്നിദ്ധ്യമോ മറ്റ് അവശിഷ്ടങ്ങളോ ഉണ്ടോയെന്ന് മാത്രമേ ഇനി പരിശോധിക്കാനാവൂ. കടലില്‍ ലോഹ അവശിഷ്ടങ്ങളുണ്ടെങ്കില്‍ അവയില്‍ തട്ടി പ്രതിഫലിക്കുന്ന സോണാര്‍ തരംഗങ്ങളും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ബംഗാള്‍ ഉല്‍ക്കടലിലെ 4.5 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ഇത്തരത്തില്‍ തെരച്ചില്‍ നടത്തുന്നത് എത്രത്തേളം ഫലപ്രദമാണെന്ന സംശയവും ഉയരുന്നുണ്ട്.
വിമാനത്തിന്റെ വാലിലും കോക്പിറ്റിലുമായ രണ്ട് എമര്‍ജന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്ററുകള്‍ (ഇ.എല്‍.ബി) ഉണ്ടായിരുന്നെങ്കിലും ഇവ വിമാനം തകര്‍ന്ന് 72 മണിക്കൂറുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഫ്രീക്വന്‍സി കൂടിയ തരംഗങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഇവ കടലിനടിയില്‍ പ്രവര്‍ത്തിക്കുകയുമില്ല.