ആനുകൂല്യങ്ങള്‍ നല്‍കാത്തതിന് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍

209

ആനുകൂല്യങ്ങള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഡിപ്പോ പരിസരത്ത് നിന്ന് ബസ് മോഷ്ടിച്ച ജീവനക്കാരന്‍ ബസ് കൊണ്ടുപോകുന്നതിനിടെ പൊലീസിന്റെ പിടിയിലായി. കിഴക്കേകോട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ മെക്കാനിക്കായ വെള്ളായണി സ്വദേശി ഷിബുവാണ് പിടിയിലായത്. ഇയാളെ പിന്നീട് അധികൃതര്‍ സസ്പെന്റ് ചെയ്തു.
നേരത്തെ ഒരു തവണ സസ്പെനഷനിലായിരുന്ന ഷിബുവിന് പിന്നീട് ജോലിയില്‍ പ്രവേശിച്ച ശേഷവും സസ്പെന്‍ഷന്‍ കാലയളവിലെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഞായറാഴ്ച രാത്രി സര്‍വ്വീസ് കഴിഞ്ഞ് ഡിപ്പോയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ഓര്‍ഡിനറി ബസുമായി ഇയാള്‍ കടന്നുകളഞ്ഞത്. മദ്യലഹരിയില്‍ ബസുമായി പോകുന്നതിനിടെ വഴിയില്‍ പരിശോധന നടത്തിയിരുന്ന പൊലീസ്, സംശയം തോന്നി ബസ് തടഞ്ഞു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലെത്തിയപ്പോഴാണ് ബസ് നഷ്ടപ്പെട്ട വിവരം അധികൃതര്‍ അറിഞ്ഞത്. തുടര്‍ന്ന് ബസ് മോഷണം പോയെന്ന് കാണിച്ച് ഡിപ്പോ ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി. അതിര്‍ന്ന് കടത്തി, ബസ് പൊളിച്ചുവില്‍ക്കുയായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതിന് മാത്രമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY