കൊല്ലം ∙ പൊലീസ് ഡ്രൈവർ മണിയൻപിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ജോയിയെ മാരകമായി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിക്ക് ജീവപര്യന്തം തടവ്. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കൊല്ലപ്പെട്ട മണിയൻ പിള്ളയുടെയും ആക്രമണത്തിൽ പരുക്കേറ്റ ജോയിയുടെയും കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. കോടതിക്കുള്ളിൽ മാധ്യമങ്ങളെ കയറാൻ അനുവദിക്കാത്തതിനാൽ പൊലീസുകാർ വഴിയാണ് വിധി പ്രസ്താവത്തിന്റെ വിവരങ്ങൾ അറിയാൻ സാധിച്ചത്.
ആട് ആന്റണിക്ക് തൂക്കുകയറാണു നൽകേണ്ടിയിരുന്നതെന്നും ജീവനോടെ അയാൾ ഒരിക്കലും പുറത്തിറങ്ങരുതെന്നും കൊല്ലപ്പെട്ട മണിയൻപിള്ളയുടെ ഭാര്യ സംഗീത കോടതി വിധിയോടു പ്രതികരിച്ചു.