മഹാശ്വേതാ ദേവി: വിടവാങ്ങിയത് നിലപാടുകളുടെ എഴുത്തുകാരി

201

തൊണ്ണൂറു വർഷം നീണ്ട നിരന്തരമായൊരു യാത്രയായിരുന്നു മഹാശ്വേതാ ദേവിയുടെ ജീവിതം. എഴുത്തും സാമൂഹിക പ്രവർത്തനവും ഇഴപിരിച്ചെടുക്കാനാവാത്ത യാത്ര.
രണ്ടാം ലോകയുദ്ധകാലം, ക്ഷാമത്തിന്റെ കെടുതികളിൽ ബംഗാൾ കലാപത്തിന്റെ കൈകളിൽ അമർന്നു. നിലവിളികൾക്കിടയിൽ കത്തിയെരിയുന്ന തെരുവിലേക്ക് പാവങ്ങളുടെ കണ്ണീരൊപ്പാൻ ഇറങ്ങിപ്പുറപ്പെട്ട കുട്ടി. കണ്ണീരു വീണു നനയുന്ന മണ്ണിലൂടെയുള്ള, അവിരാമ യാത്രകളുടെ തുടക്കമായിരുന്നു അത്. മഹാശ്വേതാദേവി എന്ന കുട്ടിയിൽ നിന്ന് അടിച്ചമർത്തപ്പെട്ടവന്റെ ആശ്രയമായ ദീദിയിലേക്കുള്ള യാത്ര.
1926ൽ ജനുവരി 14ന് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലാണ് മഹാശ്വേതാ ദേവി ജനിച്ചത്. അച്ഛൻ കവിയും നോവലിസ്റ്റുമായിരുന്ന മനീഷ് ഘട്ടക്. അമ്മ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ധരിത്രീ ദേവി. ചലച്ചിത്ര പ്രവർത്തകൻ ഋതിക് ഘട്ടക് പിതൃസഹോദരൻ. കലയും സാഹിത്യവും സാമൂഹിക പ്രവർത്തനവും ഇഴചേർത്തെടുത്ത ബാല്യം. വിഭജനത്തിന്റെ മുറിവുകളിൽ കുടുംബം പശ്ചിമബംഗാളിലേക്ക് കുടിയേറി. ടാഗോറിന്റെ ശാന്തിനികേതനിലും കൊൽക്കത്ത സർവകലാശാലയിലുമായിട്ടായിരുന്നു മഹാശ്വേതാ ദേവിയുടെ പിന്നത്തെ വിദ്യാഭ്യാസം. ഇതിനിടയിൽ നാടകകൃത്തായ ബിജോൺ ഭട്ടാചാര്യ മഹാശ്വേതാ ദേവിയെ ജീവിത സഖിയാക്കി. അവർക്കൊരു കുഞ്ഞും പിറന്നു നബാരുൺ ഭട്ടാചാര്യ. പക്ഷെ ദാമ്പത്യം അധികം നീണ്ടില്ല. കയ്പു നിറഞ്ഞ വർഷങ്ങൾ എന്നാണ് ദാമ്പത്യ കാലഘട്ടത്തെ മഹാശ്വേതാ ദേവി വിശേഷിപ്പിച്ചിട്ടുള്ളത്.
1956ൽ പുറത്തിറങ്ങിയ ഝാൻസി റാണി എന്ന കൃതിയിലൂടെയാണ് മഹാശ്വേതാ ദേവി എന്ന എഴുത്തുകാരിയെ ലോകം അറിയുന്നത്. നോവലിനായുള്ള വിവരങ്ങൾ ശേഖരിക്കാൻ ഉത്തർ‍പ്രദേശിലെ ഉൾഗ്രാമങ്ങളിലൂടെ അവർ നടത്തിയ യാത്രകൾ അവരുടെ വീക്ഷണങ്ങൾക്ക് തീവ്രത നൽകി. ആദ്യകാലത്ത് ഇടതുപക്ഷത്തിനൊപ്പം യാത്ര ചെയ്തെങ്കിലും ഇടതുപക്ഷ വ്യതിയാനങ്ങളെ തുറന്നെതിർക്കാൻ അവർ മടിച്ചിരുന്നില്ല. പാവങ്ങളുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ഉറച്ച ശബ്‍ദമായിരുന്നു മഹാശ്വേതാദേവിയുടെ വാക്കും കൃതികളും. ചൗരാഷിർ മാ, ആരണ്യേർ അധികാർ, രുദാലി തുടങ്ങിയവ കൃതികൾ പലഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടു. 150 ഓളം നോവലുകൾ, 350 ചെറുകഥകൾ, 1500 ഓളം ലേഖനങ്ങൾ, പോരാട്ടങ്ങൾക്കിടയും മഹാശ്വേതാ ദേവി എഴുതിക്കൊണ്ടേയിരുന്നു. വാർദ്ധക്യത്തിനറെ അവശതകൾ പോലും അവരെ തളർത്തിയിരുന്നില്ല. സിംഗൂർ , നന്ദിഗ്രാം ചെറുത്തുനിൽപ്പിന്റെ ഭൂമികളിലെല്ലാം അവർ ഓടിയെത്തി. ചെങ്ങറ, മൂലമ്പള്ളി, കേരളവും കർമമേഖലയായി. ടി പി ചന്ദ്രശേഖരൻ കേരളത്തിന്റെ കണ്ണീരായപ്പോൾ, ആ കണ്ണീരിനൊപ്പം നിന്നു.
ജ്ഞാനപീഠം, പത്മശ്രീ , മാഗ്സസെ ബംഗവബിഭൂഷൺ തേടിയെത്തിയ പുരസ്കാരങ്ങളും അനവധി. അന്യർക്ക് തണലാകാനാണ് എന്നും മഹാശ്വേതാ ദേവി കൊതിച്ചത്. അതിനു വേണ്ടിയാണ് എന്നും പ്രവർത്തിച്ചത്. ഇനി മഹാശ്വേതാ ദേവിയെക്കുറിച്ചുള്ള ഓർമ്മകളും അവർ ബാക്കിയാക്കിയ കൃതികളും അനേക ലക്ഷങ്ങൾക്ക് തണലാകും.
courtesy : asianet news

NO COMMENTS

LEAVE A REPLY