ടാക്‌സി ഡ്രൈവറെ തലക്കടിച്ച് കൊന്ന് കത്തിച്ച മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

162

പെരുമ്പാവൂരില്‍ ടാക്‌സി ഡ്രൈവറെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ച കേസില്‍ മൂന്ന് തമിഴ്നാട് സ്വദേശികള്‍ക്ക് ജീവപര്യന്തം കഠിന തടവ്. ഒരു പ്രതിയെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ചപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ കേസ് ജുവനൈല്‍ കോടതിക്ക് കൈമാറി.
ഒന്നാം പ്രതി മണി എന്ന ശെല്‍വരാജ്, രണ്ടാം പ്രതി സെബാസ്റ്റ്യന്‍, നാലാം പ്രതി ശിവ എന്നിവരെയാണ് എറണാകുളം സെഷന്‍സ് ജഡ്ജി കെ.എസ് അംബിക, ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. കാര്‍ തട്ടിക്കൊണ്ട് പോയതിനും തെളിവുകള്‍ നശിപ്പിച്ചതിനും ഇവര്‍ക്ക് 10 വര്‍ഷം കൂടി തടവ് വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. ഇത് കൂടാതെ ഈ മൂന്ന് പേരും, രണ്ട് ലക്ഷം രൂപ വീതം പിഴ നല്‍കണം. ഈ തുക കൊല്ലപ്പെട്ട ഹൈദരലിയുടെ ബന്ധുക്കള്‍ക്ക് നല്‍കണം. അഞ്ചാം പ്രതി പാണ്ടിയെയാണ് ഒരു വര്‍ഷം തടവിന് ശിക്ഷിച്ചത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് തെളിവ് നശിപ്പിച്ചതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
2012 ഓഗസ്റ്റ് 12നാണ് കുറുപ്പംപടിയിലെ ടാക്‌സി ഡ്രൈവറായ ഏഴിപ്രം സ്വദേശി ഹൈദരലിയെ കൊലപ്പെടുത്തിയത്. പോതമേട്ടിലെ വീട്ടില്‍ പോകാനെന്ന വ്യാജനേ രാത്രി ടാക്‌സി വിളിക്കുകയായിരുന്നു. തിരിച്ചുവരുന്ന വഴി സെബാസ്റ്റ്യന്‍, ശിവ, എന്നിവരും പ്രായപൂര്‍ത്തിയാകാത്ത പ്രതിയും കാറില്‍ കയറി. വെളുപ്പിന് കുറുപ്പംപടി നെല്ലിമോളം കനാല്‍ ബണ്ടിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി ചുറ്റിക കൊണ്ട് തലക്കടിച്ച് കൊല്ലുകയും പിന്നീട് പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു.

NO COMMENTS

LEAVE A REPLY