കെ എം മാണി പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചു

165

തിരുവനന്തപുരം: നിയമസഭയില്‍ പ്രത്യേക ബ്ലോക്കാകാന്‍ ഉറച്ച് കെ.എം മാണി. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി മാണി പാര്‍ട്ടി എം എല്‍ എമാരുടെ യോഗം വിളിച്ചു. എല്ലാവര്‍ക്കും യോജിപ്പുള്ള തീരുമാനമേ എടുക്കാവൂയെന്നാണ് പി ജെ ജോസഫിന്റെ നിലപാട്. അതേസമയം മാണി യു.ഡി.എഫ് വിടുമെന്നത് അഭ്യൂഹം മാത്രമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരന്റെ പ്രതികരണം
സമവായ നീക്കങ്ങള്‍ക്ക് മാണി വഴങ്ങുന്നില്ല. അനുനയ നീക്കവുമായെത്തിയ ഉമ്മന്‍ ചാണ്ടിയോട് നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരും രണ്ടാം നിര നേതാക്കളും കോണ്‍ഗ്രസിനോട് കടുത്ത അതൃപ്തിയുണ്ടെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കുകയും ചെയ്തു. ബാര്‍ കോഴ, വിവാഹ നിശ്ചയ വിവാദം എന്നിവ കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പിലെ കാലുവാരലും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കാന്‍ മാണി ഒരുങ്ങുന്നത്. കോണ്‍ഗ്രസ് ചങ്ങാത്തം മുറിക്കണമെന്ന പൊതു വികാരമാണ് അനുയായികള്‍ക്കുള്ളത്. നിയമസഭയില്‍ പ്രത്യേക ബ്ലോക്കാകാമെന്ന തീരുമാനത്തിലേയ്ക്ക് മാണി നീങ്ങുന്നത് ഈ സാഹചര്യത്തിലാണ്. അതേ സമയം യു.ഡി.എഫ് വിടുകയെന്ന നിര്‍ദേശത്തോടെ തുടക്കത്തിലേ പി.ജെ ജോസഫിന് പൂര്‍ണ യോജിപ്പില്ല. ഇവിടെയാണ് യോജിച്ച തീരുമാനമേ ഉണ്ടാകൂയെന്ന ജോസഫിന്റെ നിലാപാട് പ്രസക്തമാകുന്നത്. അതേസമയം എം.എല്‍.എമാര്‍ കോണ്‍ഗ്രസ് ബന്ധം തുടരാമെന്ന നിശ്ചയിച്ചാലും അണികള്‍ അത് അംഗീകരിക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് മാണി അനുകൂലികള്‍ വ്യക്തമാക്കുന്നത്. താഴെ തട്ടില്‍ അത്രയക്ക് കോണ്‍ഗ്രസുമായി അവര്‍ അകന്നുവെന്നാണ് നേതാക്കളുടെ പക്ഷം. ഇതിനിടെ മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് കോണ്‍ഗ്രസും യു.ഡി.എഫും. മാണി യുഡിഎഫ് വിടുമെന്നത് അഭ്യൂഹം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. യുഡിഎഫിന്റെ അഭിവാജ്യഘടകമാണ് കെ എം മാണിയെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY