കൃഷിമന്ത്രിക്കെതിരെ ഹോര്‍ട്ടികോര്‍പ്പ് മുന്‍എംഡി; അന്വേഷണം നടത്തുമെന്ന്‌ മന്ത്രി

162

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി സംഭരിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ഹോര്‍ട്ടികോര്‍പ്പ് എംഡി ഡോ. എം.സുരേഷ്‌കുമാര്‍ വിശദീകരണവുമായി രംഗത്ത്. റംസാന്‍ അവധിയായതിനാലാണ് പച്ചക്കറി സംഭരിക്കാന്‍ കഴിയാതെ വന്നതെന്നും അന്യസംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിവാങ്ങിയിട്ടില്ലെന്നും സുരേഷ്‌കുമാര്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ പത്രപരസ്യത്തില്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ നിന്നു പച്ചക്കറി വാങ്ങിയതില്‍ രണ്ട് കോടിയുടെ കുടിശികയുണ്ടെന്നും ഇത് താന്‍ എംഡി ആവുന്നതിന് മുമ്പുള്ളതാണെന്നും സുരേഷ്‌കുമാര്‍ പറയുന്നു. ബദല്‍ സംവിധാനം സ്വീകരിക്കാനാണ് അന്യസംസ്ഥാനത്തു നിന്നും പച്ചക്കറി വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം പരിശോധനയ്ക്കിടെയായിരുന്നു ഹോര്‍ട്ടികോര്‍പ്പില്‍ വന്‍ ക്രമക്കേട് നടക്കുന്നുവെന്നും കേരളത്തിലെ പച്ചക്കറി കര്‍ഷകരില്‍ നിന്നും പച്ചക്കറി സംഭരിക്കുന്നില്ലെന്നും കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹോര്‍ട്ടികോര്‍പ്പ് എം.ഡി ഡോ. എം.സുരേഷ്‌കുമാറിനെ പിരിച്ചുവിടുകയം ചെയ്തിരുന്നു. ഇതിനെതിരെയാണ് പത്രപരസ്യമവുമായി ഇദ്ദേഹം മന്ത്രിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
അന്വേഷണം നടത്തും -വി.എസ് സുനില്‍കുമാര്‍
തിരുവനന്തപുരം: ഹോര്‍ട്ടി കോര്‍പ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൃഷിവകുപ്പ് അന്വേഷിച്ച് വരികയാണെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
കര്‍ഷകരുടെ പേരില്‍ തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി വാങ്ങിയിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പുതിയ എം.ഡി ഹോര്‍ട്ടികോര്‍പ്പില്‍ ചുമതലയേല്‍ക്കുമെന്നും സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
കേരളത്തില്‍ കിട്ടാത്ത പച്ചക്കറി മാത്രമാണ് അന്യസംസ്ഥാനത്ത് നിന്നും ഹോര്‍ട്ടികോര്‍പ്പിന് വാങ്ങാന്‍ കഴിയുകയുള്ളൂ. ഇതിന് സുതാര്യത ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൃഷിയുമായി ബന്ധപ്പെട്ട് വെട്ടുകത്തി മുതലുള്ള എല്ലാ സാധനങ്ങളും ലഭിക്കുന്ന അഗ്രോ സുപ്പര്‍മാര്‍ക്കറ്റുകള്‍ തിരുവനന്തപുരത്തെ ആനയറയിലും തൃശൂരിലും കോഴിക്കോടും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കൃഷി വകുപ്പിന്റെ ഫയലുകള്‍ മോഷണം പോയ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യം തന്റെ ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നും അന്വേഷിച്ച് മറുപടി പറയാമെന്നും മന്ത്രി അറിയിച്ചു.
courtesy : mathrubhumi

NO COMMENTS

LEAVE A REPLY