പീസ് ടിവി ഇന്ത്യയിൽ നിരോധിക്കുന്നത് പരിഗണനയിൽ

150

ന്യൂഡൽഹി∙ ധാക്കയിലെ ഭീകരാക്രമണത്തിനു പ്രചോദനമായെന്നു ആരോപിക്കപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതൻ സക്കീര്‍ നായിക്കിന്‍റെ ഉടമസ്ഥതയിലുള്ള പീസ് ടിവി ഇന്ത്യയില്‍ നിരോധിക്കുന്നത് പരിഗണനയില്‍. പീസ് ടിവിക്കു വിലക്കുള്ള രാജ്യങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാനും ആഭ്യന്തര, വാര്‍ത്താവിതരണ മന്ത്രാലയങ്ങളുടെ യോഗത്തില്‍ തീരുമാനമായി. അതേസമയം, ഇന്ത്യയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ടിവിയുടെ സാമ്പത്തിക ഉറവിടം പൊലീസ് അന്വേഷിച്ചു വരികയാണ്.

ഭീകരവാദികള്‍ക്കു സക്കീര്‍ നായിക്കിന്‍റെ പ്രസംഗങ്ങള്‍ പ്രചോദനമായെന്നു ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണ് പ്രസംഗങ്ങളും ലേഖനങ്ങളും ദേശീയ അന്വേഷണ ഏജന്‍സിയും മുംബൈ പൊലീസും പരിശോധിച്ചു തുടങ്ങിയത്. തുടര്‍ന്ന് ലൈസന്‍സില്ലാതെയാണ് ഇന്ത്യയില്‍ പീസ് ടിവിയുടെ പ്രവര്‍ത്തനമെന്നു കണ്ടെത്തി. എന്നാല്‍, മുംബൈ ഉള്‍പ്പെടെ ഇന്ത്യയില്‍ പലയിടങ്ങളിലും പീസ് ടിവിയുടെ വിതരണക്കാരുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍സിങ് റാത്തോര്‍ പറഞ്ഞു.

പീസ് ടിവി ഉള്‍പ്പെടെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ ചാനലുകളും നിരോധിക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്തു. യുകെ, കാനഡ, മലേഷ്യ എന്നിവിടങ്ങളില്‍ പീസ് ടിവിക്കും സക്കീര്‍ നായിക്കിന്‍റെ പ്രഭാഷണങ്ങള്‍ക്കും വിലക്കുണ്ട്. ഇതിലേക്ക് നയിച്ച സാഹചര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചു ഇവിടങ്ങളില്‍നിന്ന് ഇന്ത്യ വിവരം തേടും.

അതേസമയം, പീസ് ടിവിക്കും സക്കീര്‍ നായിക്കിന്‍റെ നേതൃത്വത്തില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനും ലഭിക്കുന്ന വിദേശഫണ്ടുകളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വിദേശ സാമ്പത്തിക സഹായങ്ങള്‍ നിയന്ത്രിക്കുന്ന നിയമം അനുസരിച്ചാണോ ഫണ്ടുകൈമാറ്റം നടന്നതെന്ന് മുംബൈ പൊലീസും ദേശീയ അന്വേഷണ ഏജന്‍സിയും പരിശോധിക്കുന്നുണ്ട്.
courtesy : manorama online