പാലക്കാട്ടുനിന്നു കാണാതായവർക്ക് സാക്കിർ നായിക്കുമായി ബന്ധം

160

പാലക്കാട് ∙ പാലക്കാട്ടുനിന്നു കാണാതായവർക്ക് മുംബൈയിലെ മുസ്‍ലിം പണ്ഡിതൻ സാക്കിർ നായിക്കുമായി ബന്ധമുണ്ടെന്നു കുടുംബം. ഈസയും സഹോദരൻ യഹിയയും നായിക്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് പിതാവ് വിൻസന്റ് പറഞ്ഞു. പഠനകാലത്തുതന്നെ ഈസയ്ക്കും യഹിയയ്ക്കും സാക്കിറുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് കരുതുന്നത്.

ബാംഗ്ലൂരിൽ പഠിച്ചുകൊണ്ടിരുന്ന ഇളയമകൻ യഹിയ ആണ് ആദ്യം ഇസ്‍ലാം മതം സ്വീകരിച്ചത്. പിന്നീട് ഈസയെയും മതപരിവർത്തനം നടത്തുകയായിരുന്നു. ഇവർ പലപ്പോഴും മുംബൈ സന്ദർശിക്കാറുണ്ടായിരുന്നു. ഭാര്യമാരെയും ഇവർ മുംബൈയിലേക്കു കൊണ്ടു പോയിരുന്നുവെന്നും വിൻസന്റ് വെളിപ്പെടുത്തി. ഈസയുടെ ഭാര്യ നിമിഷയെ 2013ൽ ആണ് മതം മാറ്റിയത്.

ഈസയും യഹിയയും മതം മാറ്റാനായി സഹോദരി ഭർത്താവിനെയും മുംബൈയിൽ കൊണ്ടുപോയിരുന്നു. പക്ഷെ അയാൾ വിസമ്മതിച്ചു. പ്രാർഥനയ്ക്കിടെ മൂന്നുതവണ തന്റെ കണ്ണിൽനോക്കാൻ സാക്കിർ നായിക്ക് ആവശ്യപ്പെട്ടു. എന്നാൽ മരുമകൻ ഇതിനു വഴങ്ങിയില്ല. എന്താണ് കണ്ണിൽ നോക്കാത്തതെന്നു ചോദിച്ചപ്പോൾ ‘എനിക്ക് നിങ്ങളുടെ കണ്ണിൽ നോക്കണ്ട’ എന്നു മറുപടി പറഞ്ഞു. ഇങ്ങനെ മൂന്നു തവണ കണ്ണിൽ നോക്കിയാൽ മുസ്‍ലിം ആകുമെന്നും പഴയ കാര്യങ്ങൾ മറക്കുമെന്നും യഹിയയും ഈസയും പറഞ്ഞതായി വിന്‍സന്റ് പറഞ്ഞു.

അവസാനമായി വീട്ടിൽനിന്നു പോകുമ്പോൾ, നീട്ടിവളർത്തിയ താടി മുറിച്ച് അവർ രൂപമാറ്റം വരുത്തിയിരുന്നു. മേയ്14,15 തീയതികളില‍ാണ് പോയത്. ശ്രീലങ്കയിൽ ബിസിനസ് ചെയ്യാൻ പോകുന്നുവെന്നും ആരു ചോദിച്ചാലും വിദേശത്ത് ബിസിനസ് ആവശ്യത്തിനായി പോയെന്നു പറയണമെന്നും നിർദേശിച്ചു. ഈസയും യഹിയയും ഭാര്യമാരും തുടരെ യാത്രചെയ്തിരുന്നു. എന്നാൽ യാത്രയുടെ ഉദ്ദേശമെന്തെന്ന് വ്യക്തമല്ലെന്നും വിൻസന്റ് പറഞ്ഞു.

courtesy : manorama online