മുഖ്യമന്ത്രിക്കു വിഎസിന്റെ പേരിൽ രണ്ടു കത്ത്

141

അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ ഒരുങ്ങുന്ന വി.എസ്.അച്യുതാനന്ദന്റെ പേരിൽ മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്കു കത്ത്. അഴിമതിക്കാരായ ഒൻപത് ഉദ്യോഗസ്ഥരെ താക്കോൽസ്ഥാനങ്ങളി‍ൽ നിയമിക്കരുതെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുള്ളതാണു കത്ത്. ഒപ്പം വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിൽ നിന്ന് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു കത്തും ചർച്ചയാകുകയാണ്. എന്നാൽ ഇങ്ങനെ കത്തുകൾ എഴുതിയിട്ടില്ലെന്നും ഇതു വ്യാജമായി തയാറാക്കിയതാവാമെന്നുമാണു വി.എസ്.അച്യുതാനന്ദന്റെ ഓഫിസ് അറിയിച്ചത്. കത്തിന്റെ ഉറവിടത്തെക്കുറിച്ചു ഗൗരവമായ സംശയങ്ങൾ ഉണ്ടെന്നു വിഎസിനോട് അടുപ്പമുള്ളവർ ചൂണ്ടിക്കാട്ടി.

ഐഎഎസ്–ഐപിഎസ് തലപ്പത്തെ ഒൻപത് ഉദ്യോഗസ്ഥർക്കെതിരെ അക്കമിട്ട് ആരോപണങ്ങൾ നിരത്തിയാണു കത്ത്. അഴിമതിമുക്തമായ ഭരണസംവിധാനത്തിൽ സർക്കാരിന്റെ ദൈനംദിന ഇടപാടുകളുമായി ബന്ധപ്പെടുന്ന ഒരു തസ്തികയിലും ഇവർക്കു നിയമനം നൽകരുതെന്നാണ് ആവശ്യം. ‘അഭിവാദനങ്ങളോടെ വി.എസ്.അച്യുതാനന്ദൻ’ എന്ന ഭാഗത്ത് ‘ഒപ്പ്’ എന്നു മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. യഥാർഥത്തിൽ ഒപ്പിട്ടിട്ടില്ല. വി.എസ് ഇങ്ങനെ ഒപ്പിടാതെ കത്തയയ്ക്കാറില്ലെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കി. വി.എസ്.അച്യുതാനന്ദൻ എംഎ‍ൽഎ എന്ന പേരിൽ ലെറ്റർപാഡും അച്ചടിച്ചു കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥർക്കെതിരെ കത്തെഴുതിയ ജൂൺ ഒന്നിനു തന്നെ വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെയും മറ്റൊരു കത്തുണ്ട്.

അദാനിയുമായുള്ള ധാരണാപത്രം റദ്ദാക്കി, സർക്കാരിന്റെ അധീനതയിൽ തന്നെ തുറമുഖം നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ളതാണ് ഈ കത്ത്. ഇതിൽ വിഎസിന്റെ ഒപ്പുണ്ട്. എന്നാ‍ൽ ഈ ഒപ്പും വ്യാജമാണെന്ന് ഓഫിസ് വ്യക്തമാക്കി. രണ്ടു കത്തുകളും തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോയും വ്യക്തമാക്കി.