ഐസ്ക്രീം പാർലർ കേസ് : സർ‌ക്കാർ നിലപാട് ദൗർഭാഗ്യകരമാണെന്ന് വി.എസ്. അച്യുതാനന്ദൻ

182

തിരുവനന്തപുരം∙ ഐസ്ക്രീം പാർലർ കേസിൽ സംസ്ഥാന സർ‌ക്കാർ നിലപാട് ദൗർഭാഗ്യകരമാണെന്ന് വി.എസ്. അച്യുതാനന്ദൻ. പാവപ്പെട്ട പെൺകുട്ടികൾക്കുവേണ്ടിയാണ് താൻ കോടതിയിൽ പോയത്. രാഷ്ട്രീയപ്രേരിതമായിട്ടാണ് താൻ കേസുമായി മുന്നോട്ടു പോകുന്നതെന്ന് കോടതി നിരീക്ഷണം നടത്തരുതായിരുന്നു. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനെ കെട്ടുകെട്ടിച്ചത് താൻ കേസുകൊടുത്തിട്ടാണെന്നും വിഎസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഏറെക്കാലത്തെ മൗനത്തിനു ശേഷമാണ് ശക്തമായി പ്രതിഷേധവുമായി വിഎസ് വീണ്ടും രംഗത്തുവന്നിരിക്കുന്നത്. ഐസ്ക്രീം പാർലർ, ലോട്ടറി കേസുകളിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന് വ്യക്തമാക്കുന്നതാണ് വിഎസിന്റെ വാക്കുകൾ.

ഐസ്‌ക്രീം പാർലർ അട്ടിമറിക്കേസ് സിബിഐ അന്വേഷിക്കണമെന്ന വിഎസിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് രാഷ്‌ട്രീയ അജൻഡയ്ക്കായി കോടതിയെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നു ചീഫ് ജസ്‌റ്റിസ് ടി.എസ്.താക്കൂർ അധ്യക്ഷനായ ബെഞ്ച് വാക്കാൽ വ്യക്തമാക്കിയത്. വിഎസിന്റെ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്നു സംസ്‌ഥാന സർക്കാരും നിലപാടെടുത്തിരുന്നു. വിഎസിന്റെ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്നു സംസ്‌ഥാന സർക്കാരിനുവേണ്ടി കെ.കെ.വേണുഗോപാലും സ്‌റ്റാൻഡിങ് കൗൺസൽ ജി.പ്രകാശുമാണ് വാദിച്ചത്.

ഇതിനുപുറമെ, ലോട്ടറി രാജാവ് സാൻഡിയാഗോ മാർട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകൻ അഡ്വക്കറ്റ് എം.കെ. ദാമോദരൻ ഹാജരായതും വിഎസിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY