സുശീല ഭട്ടിനെ സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്തുനിന്നു മാറ്റരുതെന്ന് വി.എസ്.അച്യുതാനന്ദൻ

161

തിരുവനന്തപുരം∙ സുശീല ഭട്ടിനെ സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്തുനിന്നു മാറ്റരുതെന്ന് വി.എസ്.അച്യുതാനന്ദൻ. ഇക്കാര്യം ആവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കി. സുശീല ഭട്ടിനെ മറ്റുന്നതു റവന്യു കേസുകളെ ബാധിക്കുമെന്നും വിഎസ് കത്തിൽ സൂചിപ്പിക്കുന്നുണ്ട്.

സർക്കാർ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട കേസുകളുടെ ചുമതലയുള്ള ഹൈക്കോടതിയിലെ റവന്യു സ്പെഷൽ ഗവ.പ്ലീഡർ സുശീല ഭട്ടിനെ മാറ്റിയതിനു പിന്നിൽ‌ റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെന്നാണ് ആരോപണം. ഹാരിസൺ ഉൾപ്പെടെയുള്ള കേസുകൾ ഹൈക്കോടതി പരിഗണിക്കാനിരിക്കെ, സ്ഥാനനഷ്ടത്തിൽ ആശങ്കയുണ്ടെന്ന് അഡ്വ.സുശീല ഭട്ട് പരസ്യമായി പ്രതികരിച്ചതോടെ സംഭവം വിവാദമായി.

അതേസമയം, വിവിധ ജില്ലകളിലായി 40,000 ഏക്കർ സർക്കാർ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട ഹാരിസൺ കേസ് ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും. ടാറ്റയുടെ കൈവശമുള്ള എസ്റ്റേറ്റുകളിലെ ബംഗ്ലാവുകൾ വിനോദസഞ്ചാര ആവശ്യങ്ങൾക്കു വിനിയോഗിക്കുന്നതു സംബന്ധിച്ച കേസും പരിഗണനയിലാണ്. വൻ കോർപറേറ്റുകൾ കയ്യേറിയ അഞ്ചു ലക്ഷം ഏക്കർ സർക്കാർ ഭൂമിയുടെ കേസ് നടത്തുന്നതിനിടെയാണു ഗവ.പ്ലീഡറുടെ സ്ഥാനമാറ്റം.

സുശീല ഭട്ടിനെ ഗവ.പ്ലീഡർ സ്ഥാനത്ത് ആദ്യം നിയമിക്കുന്നതു 2004ലാണ്. 2006ൽ ഇടതുസർക്കാർ അധികാരത്തിൽ വന്നപ്പോൾ പരിസ്ഥിതി കേസുകളുടെ നടത്തിപ്പിനായി ഒരു വർഷം കൂടി നൽകി. 2011ലാണു യുഡിഎഫ് സർക്കാർ റവന്യു സ്പെഷൽ ജിപിയായി നിയമിച്ചത്. കരുണ എസ്റ്റേറ്റ് കേസിൽ റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുണ്ടായ അഭിപ്രായവ്യത്യാസമാണു സ്ഥാനനഷ്ടത്തിനു കാരണമായി സുശീല പറയുന്നത്. എന്നാൽ, സർക്കാർ മാറുമ്പോൾ അഡ്വക്കറ്റ് ജനറലും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അടക്കം മുഴുവൻ സർക്കാർ അഭിഭാഷകരും മാറുന്നതു കീഴ്‌വഴക്കമാണെന്നാണ് ഔദ്യോഗിക വിശദീകരണം.

NO COMMENTS

LEAVE A REPLY