വിജേന്ദർ സിങ്ങിന് ഏഷ്യ പസിഫിക് സൂപ്പർ മിഡിൽവെയ്റ്റ് കിരീടം

166

ന്യൂഡൽഹി ∙ ത്യാഗരാജ സ്റ്റേഡിയത്തിൽ ഉയർന്ന ആരവങ്ങൾക്കിടയിൽ ഇന്ത്യയുടെ വിജേന്ദർ സിങ്ങിന് ഏഷ്യ പസിഫിക് സൂപ്പർ മിഡിൽവെയ്റ്റ് കിരീടം. 10 റൗണ്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ഒാസ്ട്രേലിയയുടെ കെറി ഹോപ്പിനെ വീഴ്ത്തി വിജേന്ദർ ഇടിക്കൂട്ടിലെ രാജാവായത്. വിജേന്ദറിന്റെ ആദ്യ പ്രഫഷനൽ കിരീട നേട്ടമാണിത്.
പത്ത് വര്‍ഷത്തെ പരിചയ സമ്പത്തും 35 മല്‍സരങ്ങളുടെ അനുഭവവുമായാണ് കെറി ഹോപ്പ് എത്തിയത്. വിജേന്ദർ പ്രഫഷനല്‍ ബോക്സിങ്ങിലേക്കു മാറിയശേഷം ആദ്യമായാണ് സ്വന്തം രാജ്യത്ത് മല്‍സരത്തിനിറങ്ങിയത്. എങ്കിലും ഇതുവരെയുള്ള ആറു മൽസരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലായിരുന്നു വിജേന്ദർ. ഏഴാം മൽസരത്തിലും വിജയം ആവർത്തിച്ചു.

വികാരാതീനനായ വിജേന്ദർ ജയം രാജ്യത്തിന് സമർപ്പിക്കുന്നുവെന്ന് പ്രതികരിച്ചു. തന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്നു റഫറിമാരും ഏകകണ്ഠമായാണ് വിജേന്ദറിനെ വിജയിയായി പ്രഖ്യാപിച്ചത്. സ്കോർ: 98–92, 98–92, 100–90.