എല്ലാ സർക്കാര്‍ വകുപ്പുകളിലും വിജിലൻസിന്‍റെ മിന്നൽ പരിശോധന : ജേക്കബ് തോമസ്

133

തിരുവനന്തപുരം∙ വിജിലൻസിന്റെ മിന്നൽ പരിശോധന സർക്കാരിന്റെ എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുന്നു. സർക്കാർ നൽകുന്ന പണവും സേവനങ്ങളും അഴിമതിയിൽ കുരുങ്ങാതെ ജനങ്ങൾക്കു കിട്ടുന്നുണ്ടോ എന്ന് അറിയാനാണു പരിശോധന. സാധാരണകാർക്കു നീതി ലഭ്യമാക്കുകയാണ് ഉദ്ദേശമെന്നു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പറഞ്ഞു.

സംസ്ഥാന സര്‍‍ക്കാരിനു കീഴിലെ എൺപത്തിയെട്ടു വകുപ്പുകളിലും മിന്നൽ പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്താനാണു വിജിലൻസിന്റെ പുതിയ നീക്കം. കയർ, വസ്ത്ര വ്യാപാര മേഖലകൾക്കു പുറമെ ആദിവാസി ഉൗരുകളിലും ഇതിനോടകം പരിശോധന പൂർത്തിയാക്കി. വിവിധ ജനവിഭാഗങ്ങളുടെ വികസനത്തിനായി ബജറ്റിൽ അനുവദിച്ച കോടികൾ ഗുണഭോക്താക്കൾക്കു ലഭ്യമായോയെന്നു കണ്ടെത്തുകയാണു പ്രധാന ഉദ്ദേശം.

സർക്കാർ പദ്ധതികളുടെ നടത്തിപ്പിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും. രാഷട്രീയ സമ്മർദങ്ങൾ സ്വാഭാവികമാണെന്നും അത് അവഗണിച്ചുകൊണ്ടുള്ള നീതി നിർവഹണമാണു ലക്ഷ്യമെന്നും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് വ്യക്തമാക്കി. വകുപ്പുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചു സമഗ്രമായ പഠനം നടത്തിയാണു വിജിലൻസിന്റെ പരിശോധന പുരോഗമിക്കുന്നത്.

NO COMMENTS

LEAVE A REPLY