ടോമിൻ തച്ചങ്കരിക്കെതിരെ വിജിലൻസ് ത്വരിതപരിശോധന

185

തിരുവനന്തപുരം∙ ഗതാഗത കമ്മിഷണർ ടോമിൻ ജെ. തച്ചങ്കരിക്കെതിരെ വിജിലൻസിന്റെ ത്വരിത പരിശോധന. ആറുമാസത്തിനിടെ തച്ചങ്കരി പുറപ്പെടുവിച്ച വിവാദ ഉത്തരവുകളാണ് പരിശോധനയ്ക്കു വിധേയമാക്കുന്നത്. അതേസമയം, വിജിലൻസ് ആവശ്യപ്പെട്ട രേഖകൾ ഗതാഗതവകുപ്പ് നൽകിയില്ല എന്ന പരാതി ഉയർന്നിട്ടുണ്ട്.

മലിനീകരണ നിയന്ത്രണത്തിനുള്ള ഭാരത് സ്റ്റേജ് നിയന്ത്രണങ്ങൾ മറികടന്നു രണ്ടു സ്വകാര്യ വാഹന നിർമാതാക്കൾക്കായി, ടോമിൻ ജെ. തച്ചങ്കരി പുറത്തിറക്കിയ ഉത്തരവ് വിവാദമായിരുന്നു. എല്ലാ വാഹനപുക പരിശോധനാ കേന്ദ്രങ്ങളിലും ഒരു കമ്പനിയുടെ മാത്രം സോഫ്റ്റ്‌വെയർ ഉപയോഗിക്കണമെന്ന നിബന്ധനയും വിമർശന വിധേയമായിട്ടുണ്ട്. ചില വാഹന ഡീലർമാർക്കു വകുപ്പു നൽകിയ പിഴ ഇളവ് ഉൾപ്പെടെയുള്ള ഉത്തരവുകളും വിജിലൻസ് പരിശോധിക്കുന്നുണ്ട്.

ഇവ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ വിജിലൻസ് ഡിവൈഎസ്പി കൃഷ്ണകുമാർ മോട്ടോർ വാഹനവകുപ്പിനോടു രേഖാമൂലം ആവശ്യപ്പെട്ടു. പക്ഷെ മോട്ടോർ വാഹന വകുപ്പ് ഇവ നൽകാൻ തയ്യാറായില്ല. തുടർന്നു സിഐയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം നേരിട്ടെത്തി. അപ്പോഴും വിവരങ്ങളും ബന്ധപ്പെട്ട ഫയലുകളും നൽകാൻ തയ്യാറായില്ല. ഈ സാഹചര്യത്തിൽ വിജിലൻസ് ഡയറക്ടർ നേരിട്ട് അന്വേഷണത്തിനു മോൽനോട്ടം വഹിച്ചേക്കും.

കഴിഞ്ഞ ആറുമാസത്തിനിടെ ഗതാഗത വകുപ്പിന്റേതായി പുറത്തുവന്ന ധാരാളം ഉത്തരവുകളിൽ ക്രമക്കേടുണ്ടെന്ന പരാതിയാണു വിജിലൻസിനു മുന്നിലെത്തിയത്. ഉന്നതങ്ങളിൽനിന്ന് പിന്തുണ കിട്ടുന്നതിനാലാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഫയലുകൾ പോലും കൈമാറാതെ അന്വേഷണത്തെ ചെറുക്കുന്നതെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ.

NO COMMENTS

LEAVE A REPLY