ഭരണപരിഷ്കാര കമ്മിഷൻ രൂപീകരണം നീണ്ടുപോകുന്നതിൽ വി.എസ്.അച്യുതാനന്ദൻ അമർഷത്തിൽ

253

തിരുവനന്തപുരം ∙ ഭരണപരിഷ്കാര കമ്മിഷൻ രൂപീകരണം നീണ്ടുപോകുന്നതിൽ വി.എസ്.അച്യുതാനന്ദൻ അമർഷത്തിൽ. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ കമ്മിഷൻ രൂപീകരണം ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. അതിനു തുനിയാതിരിക്കുകയും മകൻ വി.എ.അരുൺ കുമാറിനെതിരെ വിജിലൻസ് വീണ്ടും തിരിയുകയും ചെയ്തതോടെ വിഎസ് പ്രകോപിതനാണ്.

ഇതിനിടെ വിഎസിനെ കമ്മിഷൻ അധ്യക്ഷനാക്കുന്നതിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയും വന്നു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദം ഒഴിയേണ്ടിവന്ന എം.കെ.ദാമോദരനും താനുമായി ഒടുവിൽ ഉണ്ടായ വാക്പോര് ആണോ ഇതിനു കാരണം എന്നു വിഎസ് സംശയിക്കുന്നു. തന്റെ നിയമനം വിവാദമാക്കിയതിനു പിന്നിൽ വിഎസ് ആണെന്ന ആക്ഷേപമാണു ദാമോദരൻ സിപിഎം നേതൃത്വത്തിനു മുന്നിൽ ഉന്നയിച്ചിരിക്കുന്നത്.

അതേസമയം ഭരണപരമായ താമസം മാത്രമാണ് എന്നാണു പാർട്ടി–ഭരണകേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. കമ്മിഷൻ രൂപീകരണം മന്ത്രിസഭാ കുറിപ്പായി കാബിനറ്റിനു മുന്നിൽ എത്തിയിരുന്നില്ല. കമ്മിഷൻ അധ്യക്ഷപദം കയ്യാളുമ്പോൾ നിയമസഭാംഗത്വം എന്ന നിലയിൽ വിഎസ് അയോഗ്യനാകാതിരിക്കാനുള്ള ബിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണു നിയമസഭ പാസാക്കിയത്. അതു ഗവർണർ അംഗീകരിച്ചതോടെ വേണമെങ്കിൽ ഈ മന്ത്രിസഭാ യോഗത്തിൽ തീരുമാനമാക്കാമായിരുന്നു. രാഷ്ട്രീയ തീരുമാനത്തിന്റെ അഭാവം തന്നെയാണ് അതുകൊണ്ടു വിഎസ് കാണുന്നത്.

കാബിനറ്റ് പദവിയോടെയുള്ള കമ്മിഷൻ അധ്യക്ഷ പദവിക്കൊപ്പം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു കൂടി മടങ്ങിവരണമെന്നു വിഎസിന് ആഗ്രഹമുണ്ട്. കമ്മിഷൻ പദവി ഏറ്റെടുക്കുന്നതു സംബന്ധിച്ചു വിഎസും പാർട്ടിയുമായുള്ള തർക്കം തീർക്കാനായി ഇവിടെ ചർച്ച നടത്തിയ പിബിഅംഗം പ്രകാശ് കാരാട്ടിനു മുന്നിലും ഈ ആവശ്യം വച്ചു. തുടർന്നു കാരാട്ടിന്റെ നിർദേശപ്രകാരം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഎസും തമ്മിലെ ചർച്ചയിൽ കമ്മിഷൻ പദം ഏറ്റെടുക്കാമെന്നു വിഎസ് സമ്മതിച്ചു. ഒപ്പം സെക്രട്ടേറിയറ്റിലേക്കുള്ള മടങ്ങിവരവിന്റെ കാര്യം ആവർത്തിച്ചപ്പോൾ രണ്ടും കൂട്ടിക്കുഴയ്ക്കേണ്ട എന്ന നിലപാടാണു കോടിയേരി സ്വീകരിച്ചത്. അക്കാര്യം ആദ്യം പിബി ചർച്ച ചെയ്യട്ടെ എന്ന കോടിയേരിയുടെ നിർദേശം വിഎസും അംഗീകരിച്ചു. കമ്മിഷന്റെ ഘടന സംബന്ധിച്ച ചർച്ചകളൊന്നും പാർട്ടി നടത്തിയതായി സൂചനയില്ല. സിപിഐയുമായും ആശയവിനിമയം ഉണ്ടായിട്ടില്ല.
courtesy : manorama online

NO COMMENTS

LEAVE A REPLY