തിരുവനന്തപുരം∙ സംസ്ഥാനത്ത് നിയമന നിരോധനം ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് ചർച്ചയ്ക്കു നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. മാനദണ്ഡമനുസരിച്ച് തസ്തികകള്‍ സൃഷ്ടിക്കും. 1000 രൂപയില്‍ കൂടുതലുള്ള ക്ഷേമ പെന്‍ഷനുകള്‍ തുടരും. കൈത്തറിക്ക് വര്‍ഷം മുഴുവന്‍ അഞ്ചു ശതമാനം റിബേറ്റ് എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍.
പൂട്ടിക്കിടക്കുന്ന എല്ലാ ത്തോട്ടങ്ങളും തുറക്കും. എല്ലാ തൊഴിലാളകൾക്കും വീട് നൽകാൻ പദ്ധതി തയാറാക്കും. വള്ളംകളികൾക്ക് രണ്ടുകോടി രൂപയും അനുവദിച്ചു. കൊച്ചി ബിനാലെയ്ക്കു പ്രഖ്യാപിച്ച ഏഴു കോടി രൂപയ്ക്കു പുറമെ സ്ഥിരം വേദിക്കും പണം നൽകും. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിം സിറ്റിയാക്കാൻ 25 കോടിരൂപ നീക്കിവെച്ചു. ശുചിത്വ മിഷന് 15 കോടി രൂപയും മേഴ്സിക്കുട്ടൻ അക്കാദമിക്ക് 50 ലക്ഷം രൂപയും അനുവദിച്ചു. 147 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ പ്രഖ്യാപിച്ച ധനമന്ത്രി 34 റോഡുകൾക്കായി 560 കോടിയും ആറു ബൈപ്പാസുകൾക്ക് 105 കോടിയും 9 പാലങ്ങൾക്ക് 100 കോടിയും നീക്കിവെച്ചു.
ആരോഗ്യ മേഖലയിൽ ഒഴികെ പുതിയ സ്ഥാപനങ്ങളും തസ്തികകളും രണ്ടു വർഷത്തേക്ക് ഒഴിവാക്കാനാകണം എന്ന ബജറ്റ് കരട് പ്രസംഗത്തിലെ നിർദ്ദേശങ്ങൾ ചർച്ചാവേളയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്നാണ് നിയമന നിരോധനമില്ലെന്നും നിയമാനുസൃതം തസ്തികകളുണ്ടാക്കുമെന്നും മന്ത്രി തോമസ് ഐസക് മറുപടി പ്രസംഗത്തിൽ വ്യക്തമാക്കിയത്. ആയിരം രൂപയ്ക്ക് മേലുള്ള ക്ഷേമ പെൻഷനുകൾ തുടരണമെന്ന കെ.എം. മാണിയുടെയും ഉമ്മൻ ചാണ്ടിയുടെയും ആവശ്യവും ധനമന്ത്രി അംഗീകരിച്ചു. എന്നാൽ ഭാഗപത്രത്തിന്റെ റജിസ്ട്രേഷനിലെ മുദ്രപത്ര നിരക്കിൽ ഇളവുണ്ടായില്ല.