ലണ്ടൻ ∙ ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രിയായി തെരേസ മേയ് (59) തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള മൽസരത്തിൽ അവശേഷിച്ച മറ്റൊരു വനിതാ സ്ഥാനാർഥി ആൻഡ്രിയ ലെഡ്സം ഇന്ന് ഉച്ചയോടെ നാടകീയമായി മൽസരരംഗത്തുനിന്നും പിന്മാറി. തെരേസയുടെ വിജയം ഉറപ്പാണെന്നു മനസിലായതോടെയാണ് പാർട്ടി അംഗങ്ങളുടെ പിന്തുണ പരീക്ഷിക്കാതെ ആൻഡ്രിയ പിൻമാറിയത്. പുതിയ നേതാവിനെ തിരഞ്ഞെടുത്ത സാഹചര്യത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് പാർലമെന്റിനെ അഭിസംബോധനചെയ്തശേഷം രാജിവയ്ക്കുമെന്ന് ഡേവിഡ് കാമറൺ പറഞ്ഞു. വൈകുന്നേരത്തോടെ രാജ്യത്തിന് പുതിയ പ്രധാനമന്ത്രിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തെരേസയുടെ സത്യപ്രതിജ്ഞ തിയതി അടക്കമുള്ള കാര്യങ്ങളിൽ ചർച്ച പുരോഗമിക്കുകയാണ്. രാജ്ഞിയുടെ സൗകര്യം കൂടി കണക്കിലെടുത്താകും ഇതുസംബന്ധിച്ച അന്തിമപ്രഖ്യാപനം. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ പുറത്തുവരാൻ തീരുമാനിച്ചതിനെത്തുടർന്നാണ് ഡേവിഡ് കാമറൺ രാജി പ്രഖ്യാപിച്ചതും പുതിയ നേതാവിനെ കണ്ടെത്താൻ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി നടപടികൾ ആരംഭിച്ചതും. മൂന്നു നൂറ്റാണ്ടു നീളുന്ന ബ്രിട്ടന്റെ പാർലമെന്ററി രാഷ്ട്രീയ ചരിത്രത്തിൽ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാകും തെരേസ മേയ്. മാർഗരറ്റ് താച്ചറായിരുന്നു ആദ്യ വനിതാ പ്രധാനമന്ത്രി.
മൽസരരംഗത്ത് ശക്തമായി ഉറച്ചുനിന്ന് ഇന്നലെയും തന്റെ വാദഗതികൾ നിരത്തിയ ആൻഡ്രിയ ലെഡ്സം ഇന്നുച്ചയ്ക്ക് വളരെ നാടകീയമായാണ് പിന്മാറ്റം പ്രഖ്യാപിച്ചത്. അനുദിനം തനിക്കുള്ള പിന്തുണ കുറഞ്ഞുവരികയാണെന്നു മനസിലാക്കിയാണ് തന്ത്രപരമായ ഈ പിന്മാറ്റം. മൽസരത്തിൽനിന്നും പിന്മാറിയെങ്കിലും പുതിയ മന്ത്രിസഭയിൽ ആൻഡ്രിയയ്ക്ക് നിർണായകമായ സ്ഥാനമുണ്ടാകുമെന്നുറപ്പാണ്.
2010 മുതൽ ആഭ്യന്തരമന്ത്രിയായി (ഹോം സെക്രട്ടറി) തുടരുന്ന തെരേസ മേയ് കൺസർവേറ്റീവ് എംപിമാരിൽ അറുപത് ശതമാനത്തിന്റെ (199) പിന്തുണയോടെയാണ് പ്രധാനമന്ത്രിപദത്തിലേക്ക് മൽസരിക്കാനിറങ്ങിയത്. 84 എംപിമാരായിരുന്നു ആൻഡ്രിയയെ പിന്തുണച്ചിരുന്നത്. എംപിമാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ ഒടുവിൽ പുറത്തായ സ്ഥാനാർഥി മൈക്കിൾ ഗോവും കഴിഞ്ഞദിവസം തെരേസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ ഒന്നര ലക്ഷത്തോളം വരുന്ന കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ആൻഡ്രിയ പിന്മാറ്റം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് രണ്ടാംവാരം പോസ്റ്റൽ ബാലറ്റിലൂടെ തിരഞ്ഞെടുപ്പു നടത്തി സെപ്റ്റംബർ ഒൻപതിന് ഫലം പ്രഖ്യാപിക്കാനായിരുന്നു തീരുമാനം.
രാജ്യം വളരെ നിർണായകമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ശക്തമായ നേതൃത്വം ആവശ്യമാണെന്നും അതിനായി ആഴ്ചകൾ നീളുന്ന പ്രചാരണവും കാത്തിരിപ്പും ആശാസ്യമല്ലെന്നും സ്ഥാനാർഥിത്വം പിൻവലിച്ചുള്ള പ്രസ്താവനയിൽ ആൻഡ്രിയ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽനിന്നും പുറത്തുവരാനുള്ള രാജ്യത്തെ ജനത്തിന്റെ തീരുമാനം നടപ്പാക്കാൻ എത്രയും വേഗം പുതിയൊരു പ്രധാനമന്ത്രി രാജ്യത്തിന് അനിവാര്യമാണെന്നും തെരേസയുടെ നേതൃത്വം ഇതിന് അനുയോജ്യമാണെന്നും അവർ പറഞ്ഞു. ബ്രിക്സിറ്റിൽ പിന്മാറണം പക്ഷത്തിന്റെ ശക്തയായ വക്താവായിരുന്നു ആൻഡ്രിയ. ഈ പക്ഷത്തിനു നേതൃത്വം നൽകിയ മുൻ ലണ്ടൻ മേയർ ബോറിസ് ജോൺസന്റെ പിന്തുണയോടെയായിരുന്നു പ്രധാനമന്ത്രിപദത്തിലേക്കുള്ള ഇവരുടെ മൽസരം.
ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരണം എന്ന പക്ഷക്കാരിയായിരുന്നു തെരേസ മേയ്. എന്നാൽ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മൽസരിക്കാനിറങ്ങിയതോടെ ഇവർ നിലപാടു മാറ്റി. ഹിതപരിശോധനാഫലം പ്രാവർത്തികമാക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു തെരേസയുടെ പ്രചാരണം. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ പാരമ്പര്യവും ഭരണരംഗത്തെ പരിചയവും തെരേസയ്ക്ക് അനുദിനം
പിന്തുണ കൂട്ടി.
ഹിതപരിശോധനാഫലം പുറത്തുവന്നശേഷം പിന്മാറണം പക്ഷത്തെ നേതാക്കൾക്കിടയിലുണ്ടായ ഭിന്നതമൂലം ശക്തമായ ഒരു സ്ഥാനാർഥിയെ രംഗത്തിറക്കാൻ അവർക്കു കഴിയാതെവന്നു. ജസ്റ്റിസ് സെക്രട്ടറി മൈക്കിൾ ഗോവ് സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ ബോറിസ് ജോൺസൺ പിന്മാറി. പിന്നീടാണ് ബോറിസിന്റെ പിന്തുണയോടെ ജൂണിയർ ഊർജമന്ത്രിയായ ആൻഡ്രിയ സ്ഥാനാർഥിയായത്. ഭരണരംഗത്തെ പരിചയക്കുറവ് ഇവർക്ക് ന്യൂനതയായി. ഇതിനിടെ കഴിഞ്ഞദിവസം തെരേസ മേയ്ക്ക് കുട്ടികളില്ലാത്തതിനെ പരാമർശിച്ച് ആൻഡ്രിയ നടത്തിയ പരാമർശം വിവാദമായതും കനത്ത തിരിച്ചടിയായിരുന്നു.
courtesy : manorama online