ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസ മേയ്ചുമതലയേറ്റു

186

ലണ്ടൻ∙ തെരേസ മേയ് ബ്രിട്ടന്റെ രണ്ടാം വനിതാ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തുപോകണമെന്ന ഹിതപരിശോധനയായ ബ്രെക്സിറ്റിന്റെ ഫലം പുറത്തുവന്നതിനെ തുടർന്ന് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൺ രാജി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് എലിസബത്ത് രാജ്ഞിയെക്കണ്ട് രാജിക്കത്ത് സമർപ്പിച്ചതിനു പിന്നാലെയാണ് മേയെ പ്രധാനമന്ത്രിയായി രാജ്ഞി ക്ഷണിച്ചത്. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി രാജ്ഞിയെക്കണ്ട് മേയ് ക്ഷണം സ്വീകരിച്ചു.

നിലപാടുകളിലെ കണിശതയും ക‌ഠിനാധ്വാനവും കറപുരളാത്ത രാഷ്ട്രീയജീവിതവുമാണ് തെരേസ മേയ് എന്ന അൻപത്തൊൻപതുകാരിയെ ബ്രിട്ടിഷ് രാഷ്ട്രീയത്തിന്‍റെ തലപ്പത്തെത്തിച്ചത്. അവരുടെ തന്നെ വാക്കുകളില്‍, ടെലിവിഷന്‍ ചര്‍ച്ചകള്‍ക്കു സമയം കളയാത്ത, തീന്‍മേശയില്‍ പരദൂഷണം പറയാത്ത, മദ്യസല്‍ക്കാരങ്ങളില്‍ പങ്കെടുക്കാത്ത രാഷ്ട്രീയക്കാരി. പുരുഷമേധാവിത്വം നിറഞ്ഞ ഇംഗ്ലീഷ് രാഷ്ട്രീയത്തിന്‍റെ വഴികളില്‍ വേറിട്ടു സഞ്ചരിച്ചാണ് തെരേസ ഉയരങ്ങളിലെത്തിയത്. പിതാവ് പുരോഹിതനെങ്കിലും 12–ാം വയസില്‍ പാര്‍ട്ടി പതാകയേന്തി തെരേസ. പിതാവിന്‍റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാതിരുന്ന മകള്‍ ഇന്നും ഉറച്ച ദൈവവിശ്വാസി
ഒാക്സഫഡ് സർവകലാശാലയില്‍ മുന്‍ പാക്ക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയായിരുന്നു കൂട്ടുകാരി. പിന്നീട് ജീവിതത്തില്‍ കൂട്ടുകാരനായ ഫിലിപ് മേയെ പരിചയപ്പെടുത്തിയതും ബേനസീര്‍ തന്നെ. മക്കളില്ലാത്ത ദുഃഖം വലുതെങ്കിലും സജീവരാഷ്ട്രീയം എല്ലാം മറക്കാന്‍ സഹായിക്കുമെന്ന് തെരേസ പറയും. 1997ല്‍ മെയ്ഡന്‍ഹെഡില്‍ നിന്ന് ആദ്യമായി പാര്‍ലമെന്‍റിലെത്തി. മികച്ച പ്രഭാഷകയായി പേരെടുത്ത തെരേസ മേയ് വളരെപ്പെട്ടന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രധാനിയായി. ആഭ്യന്തര സെക്രട്ടറിയായിരിക്കുമ്പോള്‍ ഉറച്ചനിലപാടുകളിലൂടെ പേരെടുത്തു.

NO COMMENTS

LEAVE A REPLY