ഭീകരവാദത്തിനെതിരെ പോരാടാൻ എല്ലാവരും ഒന്നിച്ചുകൂടണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

166

നെയ്റോബി∙ മാനവരാശിക്ക് വെല്ലുവിളിയായ ലോകം നേരിടുന്ന രണ്ടു വലിയ പ്രശ്നങ്ങളാണ് ഭീകരവാദവും ആഗോളതാപനവും. ഇവ രണ്ടും മാനവരാശിക്ക് വെല്ലുവിളി ഉയർത്തുന്നവയാണ്. ഇവയ്ക്കു പരിഹാരം കാണാൻ ലോകരാജ്യങ്ങൾ ഒത്തൊരുമിക്കണമെന്നും മോദി ആവശ്യപ്പെട്ടു. കെനിയയിൽ എത്തിയ മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.

ഗുജറാത്ത് പോലൊരു ചെറിയ സംസ്ഥാനത്തു നിന്നുള്ളൊരാൾ പ്രധാനമന്ത്രി ആയാൽ അയാൾക്ക് എന്തു ചെയ്യാനാണ് സാധിക്കുക? 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾ വിമർശകരുടെ ഭാഗത്തുനിന്നും ഉണ്ടായി. എനിക്കതിൽ ആരോടും പരാതിയില്ല. അവരുടെ ചോദ്യം ശരിയായിരുന്നു. പ്രധാനമന്ത്രിയായതിനുശേഷമാണ് ഞാൻ പാർലമെന്റ് കാണുന്നത്. എന്നാൽ രണ്ടു വർഷത്തെ തന്റെ ഭരണത്തിലൂടെ വിമർശകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നല്ല ഭരണം കാഴ്ച വയ്ക്കാൻ കഴിഞ്ഞ രണ്ടുവർഷം കൊണ്ട് കഴിഞ്ഞു. നിരവധി പദ്ധതികൾ നടപ്പിലാക്കി. ജനങ്ങളുടെ ജീവിത നിലവാരത്തിൽ മാറ്റങ്ങൾ വരുത്താൻ സാധിച്ചു. ലോകം ഇന്നു സാമ്പത്തിക തകർച്ചയിലൂടെ കടന്നുപോവുകയാണ്. അപ്പോഴും ഇന്ത്യ 7.6 ശതമാനം സാമ്പത്തിക വളർച്ച നേടി. ഇതു പ്രശംസയർഹിക്കുന്ന വസ്തുതയാണ്. ഇനിയും മുന്നേറി 8 ശതമാനം വളർച്ച നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ലോകം ഇന്ത്യയെ വ്യത്യസ്തമായിട്ടാണ് നോക്കിക്കാണുന്നത്. ഇതിൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാം. ഇന്നു ലോകത്തിന്റെ ഏതു ഭാഗത്തും തല ഉയർത്തിപ്പിടിച്ച് ഇന്ത്യക്കാർക്ക് സഞ്ചരിക്കാം. സ്വന്തം കാര്യം മാത്രം നോക്കാനായി സ്വാർഥതയുള്ള രാജ്യമല്ല ഇന്ത്യ. വസുദൈവ കുടുംബകം എന്ന സങ്കൽപ്പത്തിൽ വിശ്വസിക്കുന്നവരാണ് ഇന്ത്യക്കാർ. ആഫ്രിക്കയുമായി ഇന്ത്യയ്ക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും അതിനിയും അങ്ങനെത്തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY