ന്യൂഡൽഹി∙ അതിർത്തിയിലൂടെ നുഴഞ്ഞു കയറിയ ഭീകരർ മൂന്നു വാഹനങ്ങളിലായി കശ്മീരിൽ നിന്ന് ഡൽഹിയിലേക്കു കടന്നിട്ടുണ്ടെന്ന് മുന്നറിയിപ്പ്. ഇതേത്തുടർന്ന് ഡൽഹിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പഞ്ചാബ് വഴിയാണ് ഇവർ ഡൽഹിയിലേക്കു കടന്നതെന്നാണ് വിവരം. പഞ്ചാബ് പൊലീസാണ് ഇക്കാര്യം അറിയിച്ചത്. വാഹന പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
പഞ്ചാബിൽനിന്ന് കാണാതായ മൂന്നു വാഹനങ്ങൾ ഇതുവരെ കണ്ടെത്താനായില്ല. ഈ വാഹനങ്ങൾ ഭീകരർ തട്ടിയെടുത്തതാവാം എന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്. രണ്ടാഴ്ച മുമ്പാണ് കശ്മീരിൽ സിആർപിഎഫ് വാഹനം ആക്രമിച്ച് ഭീകരർ എട്ടു സൈനികരെ വധിച്ചത്. അടുത്തിടെയായി കശ്മീർ അതിർത്തിവഴി നുഴഞ്ഞുകയറ്റം വർധിച്ചിട്ടുണ്ട്. കശ്മീരിൽ സൈനികർക്കും സൈനിക വാഹനങ്ങൾക്കുമെതിരെയും നടക്കുന്ന ആക്രമണങ്ങളും കൂടി.
പഞ്ചാബ് അതിർത്തിവഴി കടന്ന ഭീകരരാണ് പത്താൻകോട്ട് വ്യോമതാവളത്തിനു നേർക്കു ജനുവരി ഒന്നിന് രാത്രി ആക്രമണം നടത്തിയത്.