ഷിബി ഇറാനിലേക്ക് കടന്നതായി സൂചന

138

പാലക്കാട്∙കഴിഞ്ഞ ജൂൺ ആദ്യവാരം മതപഠനത്തിന് ഒമാനിലേക്കു പോകുന്നതായി വീട്ടുകാരെ വിശ്വസിപ്പിച്ച് നാടുവിട്ട കഞ്ചിക്കോട്ടെ ഷിബി ഇറാനിലെത്തിയിട്ടുണ്ടെന്നു സൂചനകൾ. ഹൈദരബാദിലെ ഇറാൻ കോൺസുലേറ്റ് മുഖേനയാണ് യാത്രയ്ക്കുളള നടപടികൾ ക്രമീകരിച്ചത്. ഒരു മാസത്തെ തീർഥാടനവീസയ്ക്ക് അപേക്ഷിച്ചു. ഇറാനിലെ പ്രധാന അഞ്ചുസ്ഥലങ്ങൾ കാണുന്നതിനുവേണ്ടിയാണ് സന്ദർശനമെന്നായിരുന്നു അപേക്ഷയുടെ ഉളളടക്കം. ഇത്തരത്തിൽ അപേക്ഷ തയ്യാറാക്കിയതിന്റെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടുണ്ട്.

ബെംഗളുരു വിമാനത്താവളം വഴി രാജ്യം വിട്ടെന്നാണ് ആദ്യനിഗമനം. പോകുന്ന സ്ഥലത്തു മതപരമായി ജീവിക്കാനും പഠനം നടത്താനും അവസരം ലഭിച്ചാൽ തിരിച്ചുവരില്ലെന്നുമുളള സന്ദേശം ബന്ധുക്കളിൽ ഒരാൾക്ക് ലഭിച്ചതായും വിവരം ലഭിച്ചു. അതേസമയം ഷിബിയുടെ സുഹൃത്തുക്കളായ ഇൗസയും യഹിയയും താമസിച്ചിരുന്ന യാക്കരയിലെ വീട്ടിൽ അന്വേഷണസംഘം നടത്തിയ പരിശോധനയിൽ മതപഠനവുമായി ബന്ധമുളള പുസ്തകങ്ങൾ കണ്ടെത്തി. കാസർകോട്ടെ തൃക്കരിപ്പൂർ, പടന്ന എന്നിവിടങ്ങളിൽ നിന്ന് വാങ്ങിയ വിവിധ മതപഠനഗ്രന്ഥങ്ങൾ‌ യാക്കരയിലെ വീട്ടിലുണ്ട്. ചില തെളിവുകൾ ലഭിച്ചെങ്കിലും പാലക്കാട് നിന്ന് കാണാതായവരിൽ ആരും ഇറാനിലെത്തിയെന്ന് അന്വേഷണസംഘം സ്ഥിരീകരിക്കുന്നില്ല.