പ്രതിഭാ ഹരി എംഎൽഎയെ തകഴി ഏരിയ കമ്മിറ്റിയിൽ നിന്നു പുറത്താക്കിയ നടപടിക്കു സിപിഎം ജില്ലാ കമ്മിറ്റി അംഗീകാരം നൽകി

268

ആലപ്പുഴ ∙ യു. പ്രതിഭാ ഹരി എംഎൽഎയെ തകഴി ഏരിയ കമ്മിറ്റിയിൽ നിന്നു പുറത്താക്കിയ നടപടിക്കു സിപിഎം ജില്ലാ കമ്മിറ്റി അംഗീകാരം നൽകി. തുടർ പ്രവർത്തനത്തിനു പ്രതിഭാ ഹരിക്ക് ഏതു കീഴ്കമ്മിറ്റി നൽകണമെന്നതു സംബന്ധിച്ച തീരുമാനം സംസ്ഥാന കമ്മിറ്റിക്കു വിട്ടു.

തുടർനടപടികൾ സംബന്ധിച്ച തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മതിയെന്നു ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പ്രതിഭാ ഹരി എംഎൽഎ ആയതിനാലാണ് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം ആരായാൻ തീരുമാനിച്ചത്. ഏരിയ കമ്മിറ്റിയിൽ നിന്നു ഒഴിവാക്കിയ സാഹചര്യത്തിൽ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികളിലാണ് പ്രതിഭാ ഹരി പ്രവർത്തിക്കേണ്ടിവരിക. ജനപ്രതിനിധിയുടെ തിരക്കുകൾ ഉള്ളതിനാലാണ് യോഗങ്ങൾക്ക് പങ്കെടുക്കാൻ സാധിക്കാത്തതെന്നു പ്രതിഭ ഹരി നൽകിയ വിശദീകരണം ഏരിയ കമ്മിറ്റി സ്വീകരിച്ചില്ല.

മാത്രമല്ല യോഗങ്ങൾ തന്നെ അറിയിക്കുന്നതിൽ ഏരിയ കമ്മിറ്റി ശ്രദ്ധ പുലർത്തണമെന്നും വിശദീകരണ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ കമ്മിറ്റി യോഗത്തിൽ സെക്രട്ടറി സജി ചെറിയാനാണ് തകഴി കമ്മിറ്റിയുടെ തീരുമാനം ചർച്ചയ്ക്കു വച്ചത്. തുടർന്ന് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം ആരാഞ്ഞ ശേഷം ചർച്ച മതിയെന്നും യോഗം തീരുമാനിച്ചു.

തകഴി ഏരിയ കമ്മിറ്റി അംഗമായ പ്രതിഭാ ഹരി പതിവായി യോഗങ്ങളിൽ നിന്നു വിട്ടു നിന്ന സാഹചര്യത്തിലാണ് നടപടി. അംഗത്തിന്റെ അസാന്നിധ്യം സംബന്ധിച്ചു വിശദീകരണത്തിനു ഏരിയ കമ്മിറ്റി നോട്ടീസ് നൽകിയിരുന്നു. തുടർന്ന് പ്രതിഭാ ഹരിയുടെ സാന്നിധ്യത്തിൽ പ്രശ്നം ചർച്ച ചെയ്യണമെന്നു ജില്ലാ കമ്മിറ്റി നിർദേശം നൽകിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച യോഗത്തിൽ പ്രതിഭാ ഹരി പങ്കെടുത്തില്ല.

NO COMMENTS

LEAVE A REPLY