അമീറിന്റെ മുഖം കാണണമെന്ന് നാട്ടുകാർ

218
photo credit : manorama online

ചെന്നൈ∙ ‘അവന്റെ മുഖമൊന്നു കാണട്ടെ’, ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആവശ്യമുയർന്നപ്പോൾ എല്ലാവരും അമ്പരന്നു. ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്‌ലാമിനെ കാഞ്ചീപുരത്തെ ശിങ്കടിവാക്കത്തെ താമസ സ്ഥലത്ത് എത്തിച്ചു തെളിവെടുത്തപ്പോഴായിരുന്നു സംഭവം.

നാട്ടുകാരിൽ ചിലരാണു പ്രതിയുടെ മുഖത്തെ കറുത്ത തുണി മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ‘മുഖംമൂടി മാറ്റണം. അവന്റെ മുഖം കണ്ടാൽ ആളെ മനസ്സിലാവും. ഇവിടെയും എന്തെങ്കിലും ഒപ്പിച്ചിട്ടുണ്ടോയെന്ന് അറിയണമല്ലോ?’, തെളിവെടുപ്പ് കാണാനെത്തിയ ചെറിയ ആൾക്കൂട്ടത്തിനിടയിൽ നിന്ന യുവാവ് പറഞ്ഞു. ഇയാളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ അവിടെ കൂടിയവർ നന്നേ പാടുപെട്ടു. ഇതുവരെ എല്ലായിടത്തും അമീറിനെ തെളിവെടുപ്പിനായി കൊണ്ടു പോയതു മുഖം മറച്ചാണെന്നു പൊലീസ് വിശദീകരിച്ചു.

ചെന്നൈയിൽ നിന്ന് 70 കിലോമീറ്റർ മാറി, കാഞ്ചീപുരം ജില്ലയിലുള്ള ചെറു ഗ്രാമമാണു ശിങ്കടിവാക്കം. അമീറിനെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതറിഞ്ഞ് പ്രദേശവാസികൾ ഉച്ചയോടെ വട്ടം കൂടിയിരുന്നു. ഉച്ചയ്ക്കു രണ്ടേകാലിനാണു കേരളത്തിൽ നിന്നുള്ള അഞ്ചംഗ പൊലീസ് സംഘം അമീറിനെയും കൊണ്ടെത്തിയത്. ഒൻപതു മുറികളുള്ള കെട്ടിടത്തിലെ ഒരു മുറിയിൽ മറ്റു നാലു പേർക്കൊപ്പമാണ് അമീർ താമസിച്ചിരുന്നത് എന്നാണു പറയപ്പെടുന്നത്.

ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ടാണു മേൽക്കൂര. ഒരു മുറിയിൽ അഞ്ചു പേർക്കാണു താമസം നൽകിയിരുന്നതെന്നു നാട്ടുകാർ പറയുന്നു. കെട്ടിടത്തിന്റെ ഉടമസ്ഥനുമായി പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇപ്പോൾ സ്ഥലത്തില്ലെന്നായിരുന്നു മറുപടി. ഈ പ്രദേശത്ത് ഏകദേശം രണ്ടായിരത്തോളം അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. എന്നാൽ അമീറിനെ തെളിവെടുപ്പിനു കൊണ്ടു വന്നപ്പോൾ അവരെ ആരെയും സമീപത്തെങ്ങും കണ്ടില്ല.
courtesy : manorama online

NO COMMENTS

LEAVE A REPLY