ഒവൈസിയുടെ പാർട്ടിക്ക് മഹാരാഷ്ട്രയിൽ അംഗീകാരം നഷ്ടമായി

198

മുംബൈ∙ ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിക്ക് മഹാരാഷ്ട്രയിലെ അംഗീകാരം നഷ്ടമായി. ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എംഐഎം) പാർട്ടിക്ക് മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇനി മൽസരിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതിനാലാണ് അംഗീകാരം നഷ്ടപ്പെട്ടത്.

നികുതി അടച്ചതിനെക്കുറിച്ചും ഓഡിറ്റ് റിപ്പോർട്ടും ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കാൻ നിരവധി നോട്ടീസുകൾ അയച്ചിട്ടും മറുപടിയുണ്ടായില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു. എംഐഎം മാത്രമല്ല, 191 രാഷ്ട്രീയ പാർട്ടികളുടെയും അംഗീകാരം നഷ്ടമായിട്ടുണ്ട്.

അതേസമയം, ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്ന് പാർട്ടിയുടെ ഔറംഗബാദിൽ നിന്നുള്ള നേതാവ് ഇംതിയാസ് ജലീൽ അറിയിച്ചു. നികുതി നൽകിയതിനെക്കുറിച്ചുള്ള കഴിഞ്ഞ മൂന്നു വർഷത്തെ രേഖകളും മറ്റുള്ളവയും നൽകയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതാണ്. രാഷ്ട്രീയ സമ്മർദ്ദത്തെത്തുടർന്നുള്ള തീരുമാനമാണിത്, ജലീൽ കൂട്ടിച്ചേർത്തു.

അടുത്ത വർഷമാണ് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് നേടിയതിനെ തുടർന്ന്, വരുന്ന തിരഞ്ഞെടുപ്പിനെ നിർണായകമായാണ് എംഐഎം കണ്ടിരുന്നത്. 2012ലെ നാന്ദെഡ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 11 സീറ്റുകൾ പാർട്ടി നേടിയിരുന്നു. കഴിഞ്ഞവർഷം നടന്ന ഔറംഗബാദിലെ തിരഞ്ഞെടുപ്പിൽ 54ൽ 24 സീറ്റും ഒവൈസിയുടെ പാർട്ടി നേടിയിരുന്നു.

NO COMMENTS

LEAVE A REPLY