തിരുവനന്തപുരം ∙ സംസ്ഥാനത്തെ പകുതിയോളം സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് സര്‍ക്കാര്‍. 6209 സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്ളപ്പോള്‍ 5067 സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ല. സുരക്ഷാഭീഷണി നിലനില്‍ക്കുന്ന 179 സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ടെന്നും ഡിപിഐ വിദ്യാഭ്യാസ സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുതെന്ന് വ്യവസ്ഥയുള്ളപ്പോഴാണ് പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ കൂടുതല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് കോഴിക്കോടാണ്. 1012 സ്‌കൂളുകള്‍. തൊട്ടുപിന്നില്‍ മലപ്പുറമാണ്. 1004 എണ്ണം.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയ കൂടുതല്‍ സ്‌കൂളുകളുള്ളത് ഇടുക്കിയിലാണ്. അവിടെ 7 സ്‌കൂളുകള്‍ക്ക് മാത്രമേ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെയുള്ളൂ. സുരക്ഷാഭീഷണിയുള്ള സ്‌കൂളുകളുടെ എണ്ണത്തില്‍ തിരുവനന്തപുരമാണ് മുന്നില്‍. 32 എണ്ണം. രണ്ടാമത് കണ്ണൂര്‍. 22 എണ്ണം.
കാലപ്പഴക്കം ചെന്നകെട്ടിടം, മതില്‍, സ്‌കൂള്‍ വളപ്പില്‍ കുട്ടികളുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന മറ്റു ഘടകങ്ങള്‍ എന്നിവ പരിഗണിച്ചാണ് സുരക്ഷാഭീഷണിയുള്ള സ്‌കൂളുകളെ കണ്ടെത്തുന്നത്.