പത്തു വർഷത്തിലേറെ പഴക്കമുള്ള എല്ലാ ഡീസൽ വാഹനങ്ങളും ഡൽഹിയിൽ നിരോധിക്കണമെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ

143

ന്യൂ‍ഡൽഹി∙ പത്തു വർഷത്തിലേറെ പഴക്കമുള്ള എല്ലാ ഡീസൽ വാഹനങ്ങളും ഡൽഹിയിൽ നിരോധിക്കണമെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി). പത്തു വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കണം. ഇവയുടെ പട്ടിക ഡൽഹി ട്രാഫിക് പൊലീസിനു നൽകണമെന്നും റീജനൽ ആർടിഒയ്ക്ക് എൻജിടി നിർദേശം നൽകി.

നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഉത്തരവു നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നെന്നു പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവു കര്‍ശനമായി നടപ്പാക്കാൻ എൻജിടി അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്തർ കുമാർ നിര്‍ദേശിച്ചത്.

പതിനഞ്ചു വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഇവിടെ നിരോധിച്ചിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്ന ‍ഡീസൽ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നതു വിലക്കണമെന്നും എൻജിടി ഉത്തരവിട്ടു. 2000 സിസിക്കു മുകളിലുള്ള വാഹനങ്ങളുടെ റജിസ്ട്രേഷൻ എൻജിടി നേരത്തെ നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവിന്മേൽ സുപ്രീം കോടതി വിധി പറയാനിരിക്കെയാണ് എൻജിടിയുടെ പുതിയ നിർദേശം.

നിരോധനമുള്ള വാഹനങ്ങൾ നിരത്തിലിറങ്ങുമ്പോൾ പിടികൂടിയാലും ശക്തമായ നിയമമില്ലാത്തതിനാൽ നടപടിയെടുക്കാനാവില്ലെന്നു സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു. വാഹനങ്ങളുടെ പുകയും മാലിന്യം കത്തിക്കുമ്പോഴുണ്ടാകുന്ന പുകയും മൂലമുള്ള വായു മലിനീകരണത്തെക്കുറിച്ചു ബോധവൽക്കരണം നടത്തണമെന്നും എൻജിടി സർക്കാരിനു നിർദേശം നൽകി.

NO COMMENTS

LEAVE A REPLY