ന്യൂഡൽഹി∙ മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ നവജോത് സിങ് സിദ്ദു രാജ്യസഭാംഗത്വം രാജിവച്ചു. ആംആദ്മി പാർട്ടിയിൽ ചേരാനാണ് രാജിയെന്നാണ് സൂചന. ബിജെപി അംഗത്വവും ഉടൻതന്നെ രാജിവയ്ക്കും. പഞ്ചാബിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്നും റിപ്പോർട്ടുകളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ നിർണായക ശക്തിയായി മാറാൻ എഎപി ശ്രമം നടത്തുന്നുണ്ട്.
സിദ്ദു എഎപിയിൽ ചേരുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ, പാർട്ടി വിടുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് സിദ്ദുവിനെ ബിജെപി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. ഈ ഏപ്രിൽ 28നാണ് സിദ്ദു രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. 2004 ലിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി എംപിയായി അമൃത്സറിൽനിന്ന് സിദ്ദു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗറും അകാലിദൾ– ബിജെപി സർക്കാരിലെ സ്ഥാനം രാജിവച്ച് എഎപിയിൽ ചേരുമെന്ന് സൂചനയുണ്ട്. 2014 ലിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അരുൺ ജയ്റ്റ്ലിക്കു വേണ്ടി അമൃത്സർ സീറ്റുവിട്ടു കൊടുക്കേണ്ടി വന്നതുമുതൽ സിദ്ദു ബിജെപി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. സിദ്ദുവിനു പകരം മൽസരിച്ച അരുൺ ജയ്റ്റ്ലി, കോൺഗ്രസ് നേതാവ് അമരീന്ദർ സിങ്ങിനോട് പരാജയപ്പെടുകയും ചെയ്തു. പത്തു വർഷം അമൃത്സറിൽനിന്നുള്ള എംപിയായിരുന്നു സിദ്ദു.