പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

132

ന്യൂഡൽഹി ∙ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രസര്‍ക്കാര്‍ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്‍റെ കുന്തമുനയുയര്‍ത്തി സര്‍ക്കാരിനെ നേരിടാനുള്ള നീക്കത്തിലാണ് കോണ്‍‍ഗ്രസും പ്രതിപക്ഷപ്പാര്‍ട്ടികളും. രാഷ്ട്രീയഭേദമില്ലാതെ ജിഎസ്ടി ബില്ലിനെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ചരക്ക് സേവന നികുതി ബില്ല് പാര്‍ലമെന്‍റിന്‍റെ വര്‍ഷകാലസമ്മേളനത്തില്‍ പാസാക്കാനും അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പുതിയ നികുതി ഘടന പ്രാബല്യത്തില്‍ വരുത്താനുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം. ഇന്നലെ ചേര്‍ന്ന സര്‍വക്ഷിയോഗത്തില്‍ ബില്ലിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷപാര്‍ട്ടികളുടെ പിന്തുണതേടിയിരുന്നു. ബില്ല് ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നാണ് സിപിഎമ്മിന്‍റെ ആവശ്യം. രാജ്യത്തിന്‍റെ വളര്‍ച്ചയും ജനങ്ങളുടെ ക്ഷേമവും പരിഗണിച്ചാകും ബില്ലുകളെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന നിലപാടാണ് കോണ്‍ഗ്രസിന്‍റേത്.

ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് നടത്തിയ നീക്കങ്ങള്‍, വിലക്കയറ്റം, കശ്മീരിലെ സംഘര്‍ഷം എന്നിവ പ്രതിപക്ഷം സര്‍ക്കാരിനെതിരായ ആയുധമാക്കും. കുളച്ചല്‍ തുറമുഖ പ്രശ്നം, എസ്ബിെഎ എസ്ബിടി ലയനം, റബര്‍ അടക്കമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് എന്നിവ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ സഭയിലുന്നയിച്ചേക്കും.

മോദി സര്‍ക്കാരിന്‍റെ രണ്ടാം പുനഃസംഘടന കഴിഞ്ഞശേഷമുള്ള ആദ്യ പാര്‍ലമെന്‍റ് സമ്മേളനമാണിത്. പുതിയ പാര്‍ലമെന്‍ററി കാര്യമന്ത്രി അനന്ത് കുമാറിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. രാജ്യസഭയില്‍ സര്‍ക്കാരിന്‍റെ അംഗബലം അ‍ഞ്ച് സീറ്റ് കൂടി 74 ആകുകയും കോണ്‍ഗ്രസിന്‍റേത് 3 കുറഞ്ഞ് 60 ആകുകയും ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY