ബാർസിലോന∙ ലോക ഫുട്ബോളർ ലയണൽ മെസ്സിയ്ക്കും പിതാവ് ഹൊറാസിയോ മെസ്സിയ്ക്കും നികുതി വെട്ടിപ്പു കേസിൽ തടവും പിഴവും. ഇരുവർക്കും 21 മാസത്തെ ജയിൽ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ബാർസിലോന കോടതിയുടേതാണ് വിധി. ഇതിനുപുറമെ ഇരുവരും 20 ലക്ഷം യൂറോ പിഴയും ഒടുക്കണം.
കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റ് ഫൈനലിലെ തോൽവിയെത്തുടർന്ന് രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ച ലയണൽ മെസ്സിയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ വിധി. 53 ലക്ഷം ഡോളർ (മുപ്പതുകോടിയോളം രൂപ) ഇരുവരും ചേർന്നു വെട്ടിച്ചതായാണ് നികുതി വകുപ്പ് പ്രോസിക്യൂഷന്റെ വാദം. 2006-09 കാലയളവിൽ തെറ്റായ വിവരങ്ങളടങ്ങുന്ന റിട്ടേണുകളാണ് ഇവർ സമർപ്പിച്ചതെന്നും പ്രോസിക്യൂഷൻ വിഭാഗം വക്താവ് പറഞ്ഞു.
അതേസമയം, തടവുശിക്ഷ രണ്ടുവർഷത്തിൽ കുറവായതിനാൽ സ്പെയിനിലെ നിയമമനുസരിച്ച് ഇരുവരും ജയിലിൽ പോകേണ്ടിവരില്ലെന്നാണ് സൂചന. മേൽക്കോടതിയിൽ അപ്പീൽ പോകുകയും ചെയ്യാം. നികുതി വെട്ടിപ്പു നടത്തിയതിന്റെ പേരിൽ ആരോപണമുയർന്നതോടെ മെസ്സിയും പിതാവും 50,16,542 യൂറോ (44 കോടിയോളം രൂപ) സ്പെയിനിലെ നികുതി വകുപ്പിൽ അടച്ചിരുന്നു.
ഫുട്ബോൾ കളിക്കാരനായ തനിക്കു സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു ധാരണയില്ലെന്നും ഇക്കാര്യത്തിൽ പിതാവിനേയും അഭിഭാഷകരേയും വിശ്വസിക്കുകയായിരുന്നെന്നും വിചാരണ വേളയിൽ മെസ്സി കോടതിയിൽ വ്യക്തമാക്കിയിരുന്നു.
2000 മുതൽ ബാർസിലോനയിൽ സ്ഥിര താമസക്കാരനായ മെസ്സി 2005ൽ സ്പാനിഷ് പൗരത്വവും നേടിയിരുന്നു. നെയ്മർ, മഷറാനോ തുടങ്ങിയവർക്കെതിരെയും സ്പെയിനിൽ നികുതി വെട്ടിപ്പ് കേസുകളുണ്ട്. ഫോർബ്സ് മാഗസിന്റെ കണക്കു പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള താരങ്ങളിൽ ഒരാളാണ് മെസ്സി. 113 കോടി രൂപയോളം ശമ്പള ഇനത്തിലും 116 കോടിയോളം പരസ്യ വരുമാനത്തിലും മെസ്സിക്കു കഴിഞ്ഞ സീസണിൽ ലഭിച്ചിരുന്നു.
courtesy : manorama online