മങ്കട സദാചാര കൊലപാതകം: നാലുപേർ അറസ്റ്റിൽ

210
courtesy : manorama online

മലപ്പുറം∙ മങ്കട കൂട്ടിലിൽ ഒരു സംഘം ആളുകളുടെ മർദനത്തിന് ഇരയായി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാലുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കുന്നശേരി നസീർ ഹുസൈൻ (41) കൊല്ലപ്പെട്ട കേസിലാണ് അറസ്‌റ്റ്. മങ്കട സ്വദേശികളായ പട്ടിക്കുത്ത് അബ്‌ദുൽ ഗഫൂർ (48), വേണ്ണേങ്കുത്തിൽ ഷഫീഖ് (30), ഷംസുദ്ദീൻ (29), അബ്‌ദുൽ നാസർ (36) എന്നിവരാണ് അറസ്‌റ്റിലായത്.

നസീറിനെ അസമയത്ത് ഒരു വീട്ടിൽ കണ്ടതിനെ തുടർന്ന് സദാചാര ഗുണ്ട ചമഞ്ഞായിരുന്നു കഴിഞ്ഞ ദിവസം ആക്രമണം. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും നസീർ മരിച്ചിരുന്നു. രണ്ടു പേരെക്കൂടി അറസ്‌റ്റ് ചെയ്യാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. കൂടാതെ മൂന്നു പ്രതികൾക്കൂടിയുണ്ട്. ഇവരുടെ പങ്കെന്താണെന്നോ മറ്റുമുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കൊല നടന്ന വീട്ടിലുണ്ടായിരുന്ന സ്ത്രീയുടെ ഭർതൃസഹോദരനാണ് ഒന്നാം പ്രതി. മറ്റുപ്രതികൾ അയൽക്കാരും സുഹൃത്തുക്കളുമാണ്. പ്രതികൾ വിദേശത്തു പോകാതിരിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു വരുന്നതായും പൊലീസ് അറിയിച്ചു. സംഭവം കണ്ട നാട്ടുകാരിൽ പലരും മൊഴി നൽകാൻ തയാറായിട്ടില്ല. കൊല ചെയ്യപ്പെട്ടയാളും കൊലപാതകികളും രണ്ടു രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരാണ്. നിലവിൽ രാഷ്ട്രീയ വൈര്യമാണോ കൊലപാതകത്തിനു പിന്നിലെന്നു പറയാനാകില്ലെന്നും പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച പുലർച്ചെയാണ് കൂട്ടിൽ പള്ളിപ്പടിയിലെ കുന്നശ്ശേരി നസീർ ഹുസൈനെ ഒരു സംഘമാളുകൾ മർദിച്ച് കൊലപ്പെടുത്തിയത്. പുലർച്ചെ നസീറിനെ പ്രദേശത്തെ ഒരു വീട്ടിൽ കണ്ട ചിലർ വാതിൽ പുറത്തുനിന്നു പൂട്ടുകയായിരുന്നു. തുടർന്ന് മറ്റുള്ളവരെ വിവരമറിയിച്ചശേഷം സംഘം ചേർന്ന് വാതിൽ തല്ലിപ്പൊളിച്ച് നസീറിനെ തല്ലിച്ചതയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

നസീറിന്റെ ദേഹമാകെ അടിയേറ്റ് ചത‍ഞ്ഞിരുന്നു. തലയിൽ ആഴത്തിലുള്ള നാലു മുറിവുകളുണ്ട്. ഇരുകൈകളും തോൾ മുതൽ കൈവിരലുകൾവരെ അടിച്ചുതകർത്ത നിലയിലാണെന്നും പൊലീസ് അറിയിച്ചിരുന്നു. തുടർച്ചയായി തല ചുവരിൽ ഇടിപ്പിച്ചെന്നു തോന്നിപ്പിക്കുന്ന തരത്തിൽ ചുവരിൽ മുടിയും രക്തവും കട്ടപിടിച്ചിട്ടുള്ളതും കണ്ടെത്തിയിരുന്നു.
courtesy : manorama online

NO COMMENTS

LEAVE A REPLY