നാട്ടിലേക്ക് അവധിക്ക് യാത്ര തിരിച്ച മലയാളി വാഹനാപകടത്തില്‍ മരിച്ചു

193

റിയാദ്∙ നാട്ടിൽ അവധിക്ക് പോകാനായി ട്രെയിലറിൽ ദമാമിലേക്ക് യാത്ര തിരിച്ച മലയാളിക്ക് ദാരുണമായ അന്ത്യം. കണ്ണൂര്‍ ചെറുകുന്ന് വലിയ വളപ്പില്‍ നാരായണന്‍ എന്ന സതീശന്‍ (51) ആണ് മരിച്ചത്. നാരായണന്‍ യാത്ര ചെയ്ത ട്രെയിലറില്‍ എതിരെ വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. ട്രെയിലർ ഡ്രൈവറായ മലയാളി ഷാജിക്ക് ഗുരുതരമായി പരുക്കേറ്റു.

നാട്ടിലേക്ക് പോകുന്നതിനായി അല്‍ഖര്‍ജില്‍ നിന്ന് ദമാമിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. ദമാമിലുള്ള സഹോദരനെയും സുഹൃത്തുക്കളെയും കണ്ട് നാട്ടിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. സുഹൃത്തായ ഷാജിയുടെ കൂടെ ട്രെയിലറിലാണ് യാത്ര പുറപ്പെട്ടത്. തിങ്കളാഴ്ച രാത്രി 10 ഓടെ ഖര്‍ജില്‍ നിന്ന് ഏകദേശം 80 കി. മീറ്റര്‍ അകലെയാണ് സംഭവം.

ട്രെയിലർ പിക്കപ്പ് വാനിൽ ഇടിക്കുകയും രണ്ടു വാഹനങ്ങൾക്കും തീപിടിക്കുകയും ആയിരുന്നു. മറ്റൊരു ട്രെയിലറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിക്കപ്പ് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്.

രണ്ടു വാഹനങ്ങളും കത്തിയതോടെ ഡ്രൈവര്‍ സീറ്റിലിരുന്ന ഷാജി ചാടി രക്ഷപ്പെട്ടു. എന്നാല്‍ നാരായണന് രക്ഷപ്പെടാനായില്ല. നാരായണൻ തൽക്ഷണം മരിച്ചു. പിക്കപ്പ് ഓടിച്ച ഇത്യോപ്യക്കാരനും മരിച്ചു. ശരീരമാസകം പൊള്ളലേറ്റ ഷാജിയെ റിയാദ് ശിഫയിലെ ഇബ്നു അബ്ദുറഹ്മാന്‍ അല്‍ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

25 വര്‍ഷമായി അല്‍ഖര്‍ജില്‍ ട്രെയിലര്‍ ഡ്രൈവറാണ് നാരായണന്‍. അങ്കണവാടി അധ്യാപികയായ ഉഷയാണ് ഭാര്യ. അമ്മ: നാരായണി. മക്കള്‍: സുമേഷ് (ബി.എസ്.എഫ് ജവാന്‍), ഷിധിന്‍, സ്വാതി.
courtesy : manorama online

NO COMMENTS

LEAVE A REPLY