ബിജെപിക്കൊപ്പം കെ.എം.മാണി പോയാൽ ആത്മഹത്യാപരം : കുഞ്ഞാലിക്കുട്ടി

185

തിരുവനന്തപുരം∙ കേരള കോൺഗ്രസ് (എം) ബിജെപിക്കൊപ്പം പോയാൽ ആത്മഹത്യാപരമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. യുഡിഎഫിൽ കേരള കോൺഗ്രസിനു ചില പ്രശ്നങ്ങളുണ്ടെന്നത് യാഥാർഥ്യമാണ്. ചരൽക്കുന്ന് ക്യാംപ് കഴിയുന്നതുവരെ കാത്തിരിക്കാനാണ് ചെയർമാൻ കെ.എം.മാണിയുടെ നിർദേശം. അത് അംഗീകരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാണിയെ അനുനയിപ്പിക്കാൻ യുഡിഎഫ് നിയോഗിച്ചിരിക്കുന്നവരിൽ ഒരാൾ പി.കെ.കുഞ്ഞാലിക്കുട്ടിയാണ്.

ഇടഞ്ഞുനിൽക്കുന്ന കെ.എം.മാണി അനുരഞ്ജന നീക്കങ്ങളോടു മുഖം തിരിക്കുകയാണ്. തന്നെ ബന്ധപ്പെടാൻ ശ്രമിച്ച രമേശ് ചെന്നിത്തലയോടു ഫോണിൽ സംസാരിക്കാനും അദ്ദേഹം കൂട്ടാക്കിയില്ല. ഞായറാഴ്ച ഫോണിൽ വിളിച്ചപ്പോഴാണു രമേശിനോടു സംസാരിക്കാൻ മാണി തയാറാകാതിരുന്നത്. ഫോണെടുത്ത സഹായി, മാണി ധ്യാനത്തിനു പോയിരിക്കുകയാണെന്നാണു പറഞ്ഞത്. കാണാൻ കൂടി ഉദ്ദേശിച്ചാണു വിളിച്ചതെന്നു രമേശ് അറിയിച്ചു. തിരിച്ചുവിളിക്കാമെന്ന മറുപടി ലഭിച്ചുവെങ്കിലും ഇന്നലെയും അതുണ്ടായില്ല.

കഴിഞ്ഞ ദിവസം കോട്ടയത്തു ചേർന്ന കേരള കോൺഗ്രസ് (എം) എംഎൽഎമാരുടെ യോഗത്തിൽ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വതന്ത്ര നിലപാട് എടുത്തു മുന്നോട്ടുപോകുന്നതാണ് പാർട്ടിയെ ശക്തിപ്പെടുത്താൻ നല്ലതെന്നായിരുന്നു ജില്ലാ കമ്മിറ്റികളുടെ നിലപാട്.

NO COMMENTS

LEAVE A REPLY