ബാർക്കോഴ കേസിനു പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തി കെ.എം. മാണി

217

കൊച്ചി ∙ ബാർക്കോഴ കേസിനു പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തി മുൻധനമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.എം. മാണി. താൻ ഇടതുപക്ഷത്തേക്ക് പോയേക്കുമെന്ന് ചിലർ സംശയിച്ചു. ഇതേ തുടർന്ന് യുഡിഎഫിൽ തന്നെ തളച്ചിടുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യം. ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ പാർട്ടി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചന നടത്തിയവരെ അറിയാം. പക്ഷെ, മാന്യതകൊണ്ട് പേരു പറയുന്നില്ലെന്നും മാണി വെളിപ്പെടുത്തി.

മനോരമ ന്യൂസ് ‘നേരെ ചൊവ്വെ’യിലാണ് കെ.എം. മാണിയുടെ വെളിപ്പെടുത്തൽ. തന്നെ ഇടതുപക്ഷത്തേക്ക് കൊണ്ടു പോകാനുള്ള നീക്കത്തെക്കുറിച്ച് കെ.എം.മാണി പരോക്ഷമായെങ്കിലും പ്രതികരിക്കുന്നത് ആദ്യമാണ്.

ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് ബിജുവിന് മാന്യതയുണ്ടാക്കിക്കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശും ശ്രമിക്കരുതായിരുന്നുവെന്നും കെ.എം.മാണി പറഞ്ഞു. ക്ഷണിച്ചാൽ വിവാഹ ചടങ്ങുകളിൽ എല്ലാവരും പോകാറുണ്ട്. സാധാരണ ഗതിയിൽ ഇത്തരത്തിൽ പോകുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ, യുഡിഎഫ് മുന്നണിയെയും മന്ത്രിമാരെയും സർക്കാരിനെയും നിരന്തരം അപമാനിച്ചയാളാണ് ബിജു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞതിൽ കഴമ്പുണ്ട്. തള്ളിക്കളയാൻ സാധിക്കില്ലെന്നും മാണി പറഞ്ഞു.

എല്ലാകാര്യങ്ങളും പറയാൻ സാധിക്കില്ല. രാഷ്ട്രീയക്കാർക്ക് ചില കാര്യങ്ങൾ രഹസ്യമാക്കിവയ്ക്കേണ്ടി വരും. മറ്റുചിലരെ വേദനിപ്പിക്കുമെന്നുള്ളതിനാലാണ് പറയാതിരിക്കുന്നത്. ഞാൻ ചിലപ്പോൾ ഇടതുപക്ഷത്തേക്ക് പോയേക്കുമെന്ന് കണ്ട് എന്നെ തളച്ചിടുന്നതിന് വേണ്ടിയാണ് ചില കേസുകളൊക്കെ വന്നത്. എല്ലാം ജനങ്ങൾക്കറിയാം. ഇതിൽ കൂടുതൽ വിശദീകരണം ആവശ്യമില്ല. പറഞ്ഞതിൽ എല്ലാം വ്യക്തമാണ്. ഗൂഢാലോചനയെപ്പറ്റിയെല്ലാം ഞങ്ങൾക്ക് അറിയാം. പക്ഷെ, ഒന്നും വെളിപ്പെടുത്തുന്നില്ല. അതാണ് മാന്യത– മാണി പറഞ്ഞു.
courtesy : manorama online

NO COMMENTS

LEAVE A REPLY