ഷീല ദീക്ഷിത് യുപി മുഖ്യമന്ത്രി സ്ഥാനാർഥി

143

അമേഠി∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് മുതിർന്ന നേതാവ് ഷീല ദീക്ഷിത്തിനെ പ്രഖ്യാപിച്ചു. ഡൽഹി മുൻമുഖ്യമന്ത്രിയാണ് ഷീല ദീക്ഷിത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അധ്യക്ഷനായി രാജ്യസഭാംഗമായ സഞ്ജയ് സിങ് എത്തിയേക്കുമെന്നും സൂചനയുണ്ട്.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെ രാജകുടുംബാംഗമാണ് അറുപത്തിനാലുകാരനായ സഞ്ജയ് സിങ്. രജപുത്രർക്കിടയിൽ വ്യക്തമായ സ്വാധീനം ഉള്ളയാളാണ് സിങ്. ഇത് 2017 ലെ തിരഞ്ഞെടുപ്പിൽ സഹായകമാകുമെന്ന് കോൺഗ്രസ് കരുതുന്നു.