കൂടംകുളത്ത്നിന്ന് കേരളത്തിന് 133 മെഗാവാട്ട് വൈദ്യുതി കൂടി

166

ചെന്നൈ∙ കൂടംകുളം ആണവനിലയത്തിൽ നിന്ന് കേരളത്തിന് 133 മെഗാവാട്ട് വൈദ്യുതി കൂടി. യൂണിറ്റൊന്നിന് മൂന്നുരൂപ 90 പൈസ നിരക്കിലായിരിക്കും വൈദ്യുതി നൽകുന്നതെന്ന് ന്യൂക്ലിയർ പവർ കോർപറേഷൻ (എൻപിസിഎൽ) സിഎംഡി എസ്.കെ. ശർമ പറ‍ഞ്ഞു. ഇന്നലെ രാത്രി പ്രവർത്തനമാരംഭിച്ച കൂടംകുളത്തെ രണ്ടാമത്തെ റിയാക്ടറിൽ നിന്നാണ് കേരളത്തിന് പുതുതായി വൈദ്യുതി കിട്ടുന്നത്. കൂടംകുളത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 13.3 ശതമാനം വിഹിതമാണ് കേരളത്തിനുള്ളത്. പുതിയ റിയാക്ടറിൽ നിന്നുള്ള 133 മെഗാവാട്ടുകൂടി ചേർത്ത് കൂടംകുളത്തുനിന്ന് കേരളത്തിന് ആകെ 266 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്ന് സി.എം.ഡി എസ്.കെ ശർമ മനോരമ ന്യൂസിനോട് പറഞ്ഞു.

പദ്ധതിയിലെ 50 ശതമാനത്തിലേറെ വൈദ്യുതി തമിഴ്നാടിന് അവകാശപ്പെട്ടതാണ്. രണ്ടാമത്തെ റിയാക്ടർ ഇന്നലെ പ്രവർത്തനം തുടങ്ങിയെങ്കിലും ഇതിൽ നിന്ന് പൂർണതോതിൽ വൈദ്യുതി ഗ്രിഡിലേക്ക് നൽകാൻ മൂന്നുമാസം സമയമെടുക്കും. അതായത് മൂന്നുമാസം കഴിഞ്ഞേ രണ്ടാം റിയാക്ടറിൽ നിന്നുള്ള വൈദ്യുതി കേരളത്തിന് കിട്ടിത്തുടങ്ങൂ. മേയ് മാസത്തിലാണ് യുറേനിയം ഇന്ധനം, റിയാക്ടർ കോറിൽ നിറച്ചത്. ആറ്റമിക് എനർജി റഗുലേറ്ററി ബോർഡിൽ നിന്ന് അനുമതി കിട്ടിയതിനുശേഷം ശനിയാഴ്ച അണുവിശ്ലേഷണം തുടങ്ങി. 35 മണിക്കൂർ കൊണ്ട് റിയാക്ടറിന് ഉൽപാദനക്ഷമത കൈവരിക്കാനായി.

NO COMMENTS

LEAVE A REPLY