വിദ്യാർഥിയെ മർദ്ദിച്ചു കൊന്നയാൾ രാവിലെ കടതുറന്നു; കണ്ണടച്ച് ഡൽഹി പൊലീസ്

191
photo credit : manorama online

ന്യൂഡൽഹി ∙ ഡൽഹിയിൽ മലയാളി വിദ്യാർഥി രജത് മർദനമേറ്റ് മരിച്ച സംഭവത്തിൽ ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ച. ഇന്നലെ രാത്രിയിൽ സംഭവം നടന്നിട്ടും ഡൽഹി പൊലീസ് കൃത്യമായ നടപടിയെടുത്തില്ലെന്ന് ഡൽഹിയിലെ മലയാളികളും കുട്ടിയുടെ ബന്ധുക്കളും ആരോപിച്ചു. ‌കുട്ടിയുടെ മൊഴിയെടുക്കാനോ മർദിച്ചവരെ അറസ്റ്റ് ചെയ്യാനോ പൊലീസ് തയാറായില്ല.

കുട്ടിയെ മർദിക്കാൻ നേതൃത്വം നൽകിയ പാൻമസാല വിൽപ്പനക്കാരൻ ഇന്നു രാവിലെ വീണ്ടുമെത്തി കട തുറന്നിരുന്നു. ഇയാൾ ഏതാനും കൂട്ടാളികൾക്കൊപ്പമാണ് കട തുറക്കാനെത്തിയത്. കടയ്ക്കു സമീപമെത്തിയ മാധ്യമ പ്രവർത്തകരെ അടുപ്പിക്കുകയും ചെയ്തില്ല. പിന്നീട്, സംഭവം മാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ഡൽഹി മലയാളി അസോസിയേഷൻ അംഗങ്ങളും മലയാളികളായ സമീപവാസികളും ശക്തമായി പ്രതിഷേധിച്ചതിനെ തുടർന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയാറായത്.

പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർ നേരിട്ട് അന്വേഷിക്കേണ്ട കേസാണിത്. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും ഒരു പൊലീസുകാരൻപോലും സ്ഥലത്തെത്തിയില്ലെന്നും ആരോപണമുണ്ട്. ഡൽഹി പൊലീസിനെക്കുറിച്ച് നേരത്തെയും ഇത്തരത്തിൽ നിരവധി പരാതികൾ ഉയർന്നിരുന്നു. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാണ് ഡൽഹി പൊലീസ്. ഈ രീതി മാറ്റണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രം ഇക്കാര്യം നിരാകരിക്കുകയാണുണ്ടായത്.

ഇന്നലെ വൈകിട്ടാണ് പാൻ മസാല വിൽപ്പനക്കാരനുൾപ്പെട്ട സംഘം ഒൻപതാം ക്ലാസുകാരനായ രജതിനെ മർദിച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ കടയിൽനിന്നും മോഷണത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം.
courtesy : manorama online